NEWSROOM

ഉറ്റവരെ കൊന്ന് തള്ളിയവര്‍; അന്ന് കേഡല്‍ രാജ, ഇന്ന് അഫാന്‍

വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന കൃത്യം കേരളം മറക്കാന്‍ സാധ്യതയില്ല. 4 ജീവനുകളാണ് അന്ന് അരുംകൊല ചെയ്ത് ചുട്ടെരിക്കപ്പെട്ടത്.

Author : ന്യൂസ് ഡെസ്ക്

വെഞ്ഞാറമൂട് കൂട്ട കൊലപാതകം ചര്‍ച്ചാ വിഷയമാകുമ്പോള്‍ ചേര്‍ത്ത് വായിക്കാവുന്നതാണ് നന്തന്‍കോട് കൂട്ട കൊലപാതകവും. വര്‍ഷങ്ങള്‍ക്ക് മുമ്പ് സമാന രീതിയില്‍ നടന്ന കൃത്യം കേരളം മറക്കാന്‍ സാധ്യതയില്ല. 4 ജീവനുകളാണ് അന്ന് അരുംകൊല ചെയ്ത് ചുട്ടെരിക്കപ്പെട്ടത്.


2017 ഏപ്രില്‍ 9. കേരളം കേട്ടത് ഞെട്ടിക്കുന്ന അതിദാരുണമായ വാര്‍ത്ത. തിരുവനന്തപുരം നന്തന്‍കോട് ബെയ്ന്‍സ് കോമ്പൗണ്ടിലെ 117ആം നമ്പര്‍ വീട്ടില്‍ 4 പേരെ പെട്രോള്‍ ഒഴിച്ച് ചുട്ടുകൊന്നു. മാര്‍ത്താണ്ഡം ക്രിസ്ത്യന്‍ കോളജിലെ പ്രഫസറായ രാജ തങ്കം, ജനറല്‍ ആശുപത്രിയിലെ ഡോക്ടറായിരുന്ന ജീന്‍ പത്മ എന്നിവരെ മഴു ഉപയോഗിച്ച് വെട്ടി കൊന്നു ചുട്ടുകരിച്ചത് മകന്‍ കേഡല്‍ ജിന്‍സണ്‍ രാജ. ഒപ്പം സഹോദരി കരോളിനെയും ബന്ധുവായ ലളിതയെയും.


ജനലിലൂടെ പുക ഉയരുന്നതാണ് പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്. വീടിന് തീപ്പിടിച്ചെന്ന് കരുതി ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി. വാതില്‍ തുറന്ന് അകത്ത് കയറിയവര്‍ കണ്ടത് നടുക്കുന്ന രംഗങ്ങള്‍. വീടിന്റെ ഒന്നാംനിലയില്‍ കത്തികരിഞ്ഞ നിലയില്‍ മൂന്ന് ശവശരീരങ്ങള്‍. അതിനരികില്‍ ടാര്‍പ്പോളിനും ബെഡ്ഷീറ്റും കൊണ്ട് മൂടിക്കെട്ടിയ, പുഴുവരിച്ച നിലയില്‍ മറ്റൊരു മൃതദേഹം.

സംഭവത്തിന് ശേഷം വീട്ടില്‍ നിന്ന് കാണാതായ കേഡലിലേക്ക് അന്വേഷണം വ്യാപിച്ചു. എന്നാല്‍ പണവും തിരിച്ചറിയല്‍ രേഖകളും വസ്ത്രങ്ങളുമെടുത്ത് കേഡല്‍ ചെന്നൈയിലേക്ക് കടന്നിരുന്നു. തിരിച്ചെത്തിയ കേഡലിനെ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് പോലീസ് പിടികൂടി. ആ അറസ്റ്റിന് ശേഷമായിരുന്നു ആരെയും അമ്പരിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍.


ഓസ്ട്രേലിയയില്‍ നിന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പഠിച്ച കേഡല്‍ കാലക്രമേണ ആസ്ട്രല്‍ പ്രൊജക്ഷനില്‍ ആകൃഷ്ടനായി. ആത്മാക്കള്‍ പരലോകത്തേക്ക് പറക്കുന്നത് കാണാന്‍ വേണ്ടി സ്വന്തം കുടുംബത്തെ അരുംകൊല ചെയ്‌തെന്ന് പ്രതി മൊഴി നല്‍കി. കൂടാതെ വീട്ടില്‍ നിന്ന് തുടര്‍ച്ചയായി നേരിട്ട അവഗണനയും നിരാശയും കൊലയ്ക്ക് കാരണമായതായും പ്രതി പറഞ്ഞു.

താന്‍ ചെയ്ത കമ്പ്യൂട്ടര്‍ ഗെയിം കാണിക്കാന്‍ എന്ന വ്യാജേന താഴത്തെ മുറിയില്‍ നിന്നും അമ്മ ജീന്‍ പത്മത്തെയാണ് കേഡല്‍ ആദ്യം മുറിയിലേക്ക് വിളിച്ച് കൊണ്ടു പോകുന്നത്. കമ്പ്യൂട്ടറിന് മുന്നിലെ കസേരയിലിരുത്തി പുറകില്‍ നിന്ന് വെട്ടി കൊന്നു. മൃതശരീരം ബാത്ത്‌റൂമിലേക്ക് മാറ്റി. താഴെയെത്തി ഒന്നും സംഭവിക്കാത്ത രീതിയില്‍ അച്ചനും സഹോദരിക്കുമൊപ്പം ഭക്ഷണം കഴിച്ച് സമയം ചെലവഴിച്ചു. പിന്നീട് ഇവരെയും, ബന്ധുവായ ലളിതയെയും സമാന രീതിയില്‍ കൊലപ്പെടുത്തി. വാങ്ങി സൂക്ഷിച്ചിരുന്ന പെട്രോള്‍ ഉപയോഗിച്ച് എല്ലാവരെയും കത്തിച്ചു.



ഓണ്‍ലൈനില്‍ നിന്ന് മഴു വാങ്ങുകയും പെട്രോള്‍ വാങ്ങി സൂക്ഷിക്കുകയും ചെയ്തിരുന്ന കേഡല്‍ കൃത്യമായ ആസൂത്രണത്തിലൂടെയാണ് 4 പേരെയും ചുട്ടരിച്ചത്. 7262 എന്ന ഐഡന്റിറ്റിയില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ഏകാന്ത തടവിലാണ് കേഡലിപ്പോള്‍. തിരുവനന്തപുരം സെഷന്‍സ് കോടതിയിലാണ് വിചാരണ നടപടികള്‍. കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചെങ്കിലും കുറ്റം ചെയ്തിട്ടില്ലെന്നാണ് പ്രതിയുടെ മറുപടി.

SCROLL FOR NEXT