NEWSROOM

'അഗാധമായ ദുഃഖം'; യുഎസിലെ വിമാനാപകടത്തിൽ അനുശോചനം രേഖപ്പെടുത്തി നരേന്ദ്ര മോദി

യുഎസില്‍ കാൽ നൂറ്റാണ്ടിനിടയിലുണ്ടായ ഏറ്റവും വലിയ വ്യോമയാന ദുരന്തമായാണ് ഈ അപകടം വിലയിരുത്തുന്നത്

Author : ന്യൂസ് ഡെസ്ക്

വാഷിങ്ടണ്‍ ഡിസിക്ക് സമീപം വിമാനവും ഹെലിക്കോപ്റ്ററും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അനേകം പേർക്ക് ജീവൻ നഷ്ടപ്പെട്ടതിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനവും സൈനിക ഹെലികോപ്റ്ററും കൂട്ടിയിടിച്ചുണ്ടായ അപകടം യുഎസില്‍ കാൽ നൂറ്റാണ്ടിനിടയിലുണ്ടായ ഏറ്റവും വലിയ വ്യോമയാന ദുരന്തമായാണ് വിലയിരുത്തുന്നത്. 64 പേരാണ് ആപകടത്തിൽ കൊല്ലപ്പെട്ടത്.

എക്സ് പോസ്റ്റിലൂടെയാണ് പ്രധാനമന്ത്രി അനുശോചനം അറിയിച്ചത്. 'വാഷിംഗ്ടൺ ഡിസിയിലെ ദാരുണമായ കൂട്ടിയിടിയിൽ ജീവൻ നഷ്ടപ്പെട്ടതിൽ അഗാധമായ ദുഃഖമുണ്ട്.  ഇരകളുടെ കുടുംബങ്ങൾക്ക് ഞങ്ങളുടെ ഹൃദയംഗമമായ അനുശോചനം. അമേരിക്കൻ ഐക്യനാടുകളിലെ ജനങ്ങളോട് ഞങ്ങൾ ഐക്യദാർഢ്യത്തോടെ നിലകൊള്ളുന്നു', നരേന്ദ്ര മോദി എക്സിൽ കുറിച്ചു.

അപകടത്തിൽപ്പെട്ട വിമാനത്തിന്റെ കോക്ക്പിറ്റ് വോയിസ് റെക്കോര്‍ഡറും ബ്ലാക്ക് ബോക്‌സും കണ്ടെടുത്തിട്ടുണ്ട്. വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ഇവ നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് ലാബിലേക്ക് മാറ്റിയിരിക്കുകയാണ്. അപകടത്തിന്റെ കാരണം എന്താണെന്ന് വ്യക്തമാകുന്നതിന് റെക്കോര്‍ഡറുകളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഏജന്‍സി വ്യക്തമാക്കി. എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ ടവറിലെ സ്റ്റാഫുകളുടെ പരിമിതിയാണോ ഇത്രയും വലിയ അപകടത്തിലേക്ക് നയിച്ചത് എന്ന ചോദ്യവും ഉയരുന്നുണ്ട്.

കന്‍സാസിലെ വിചിതയില്‍ നിന്ന് പുറപ്പെട്ട യാത്രാ വിമാനമാണ് റൊണാള്‍ഡ് റീഗന്‍ നാഷണല്‍ എയര്‍പോര്‍ട്ടിന് സമീപത്ത് വെച്ച് അപകടത്തില്‍പ്പെട്ടത്. ലാന്‍ഡിങ്ങിന് തയ്യാറെടുക്കുന്നതിനിടയില്‍ സൈന്യത്തിന്റെ ഹെലികോപ്റ്ററുമായി കൂട്ടിയിടിക്കുകയായിരുന്നു.

അതേസമയം, വ്യോമ ദുരന്തത്തിൽ കൊല്ലപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്താനായി വിളിച്ചുചേർത്ത വാർത്താ സമ്മേളനം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രാഷ്ട്രീയ എതിരാളികളെ പഴിചാരാനുള്ള വേദിയാക്കിമാറ്റി. യുഎസിന്റെ വ്യോമ ഗതാഗത നിയന്ത്രണത്തിലെ നിലവാരത്തകർച്ചയ്ക്ക് ഉത്തരവാദികൾ ഡെമോക്രാറ്റിക് പാർട്ടിയാണെന്നാണ് ട്രംപിന്റെ വാദം. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനിലെ വൈവിധ്യം, തുല്യത, ഉൾച്ചേർക്കൽ (DEI) നയങ്ങളാണ് ദുരന്തത്തിന് കാരണമായതെന്നും യുഎസ് പ്രസിഡന്റ് കുറ്റപ്പെടുത്തി.

SCROLL FOR NEXT