NEWSROOM

ഭരണഘടനയുടെ ഏറ്റവും വലിയ ശത്രുക്കളാണ് കോൺഗ്രസും എൻസിയും പിഡിപിയും: നരേന്ദ്രമോദി

കശ്മീരിലെ ജനങ്ങൾ ബിജെപി സർക്കാർ രൂപീകരിക്കാൻ ആഗ്രഹിക്കുന്നു

Author : ന്യൂസ് ഡെസ്ക്

ഭരണഘടനയുടെ ഏറ്റവും വലിയ ശത്രുക്കൾ കോൺഗ്രസും നാഷണൽ കോൺഫറൻസും പിഡിപിയുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അഴിമതി, തീവ്രവാദം, വിഘടനവാദം എന്നിവയില്ലാത്ത ഒരു സർക്കാരിനായി കാത്തിരിക്കുകയാണ് കശ്മീരെന്നും മോദി പറഞ്ഞു.  സംസ്ഥാന തെരഞ്ഞെടുപ്പിൻ്റെ അവസാന ഘട്ടത്തിന് മുന്നോടിയായി നടന്ന റാലിയിലായിരുന്നു മോദിയുടെ പ്രതികരണം.


2016 ലെ സർജിക്കൽ സ്‌ട്രൈക്കിനെ ഓർമിപ്പിച്ചുകൊണ്ടായിരുന്നു മോദിയുടെ പ്രസംഗം. "ഇന്ന് സെപ്തംബർ 28, പാകിസ്താനെതിരായ സർജിക്കൽ സ്ട്രൈക്കിൻ്റെ വാർഷികമാണ്. ഈ ദിവസമാണ് ശത്രുക്കളെ അവരുടെ താമസ സ്ഥലങ്ങളിൽ വെച്ച് തന്നെ ഇല്ലാതാക്കിയത്. ഇത് പുതിയ ഇന്ത്യയാണെന്നും നിസാരമായി കാണരുതെന്നും അവരെ പാഠം പഠിപ്പിച്ചുവെന്നും മോദി പറഞ്ഞു.


"കോൺഗ്രസ്, എൻസി, പിഡിപി എന്നിവരുടെ ഭരണം ജമ്മു കശ്മീരിലെ ജനങ്ങൾക്ക് ആവശ്യമില്ല. അഴിമതി, തൊഴിൽ വിവേചനം, തീവ്രവാദം, വിഘടനവാദം എന്നിവയല്ല അവർ ആഗ്രഹിക്കുന്നത്. പകരം സമാധാനവും ഭാവി തലമുറയ്ക്ക് നല്ല ഭാവിയുമാണെന്നും മോദി പറഞ്ഞു.


കശ്മീരിലെ ജനങ്ങൾ ബിജെപി സർക്കാർ രൂപീകരിക്കാൻ ആഗ്രഹിക്കുന്നു. ആദ്യ രണ്ട് ഘട്ടങ്ങളിലെ കനത്ത പോളിംഗ് ഇത്  പ്രതിഫലിപ്പിക്കുന്നുണ്ടെന്നും മോദി പറഞ്ഞു. ജമ്മു കശ്മീരിലെ നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ മൂന്നാമത്തെയും അവസാനത്തെയും ഘട്ടം ഒക്ടോബർ ഒന്നിനാണ് നടക്കുക. 40 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. 


SCROLL FOR NEXT