NEWSROOM

ഇനി കാത്തിരിപ്പിൻ്റെ 17 മണിക്കൂർ; ഒൻപത് മാസങ്ങൾക്ക് ശേഷം സുനിത വില്യംസും ബുച്ച് വിൽമോറും ഭൂമിയിലേക്ക്

സ്പേസ് എക്സിന്റെ ഡ്രാഗൺ പേടകം വിജയകരമായി വേർപെട്ടതായി നാസ അറിയിച്ചു

Author : ന്യൂസ് ഡെസ്ക്


അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് സുനിത വില്യംസും ബുച്ച് വിൽമോറും ഭൂമിയിലേക്ക് പുറപ്പെട്ടു. സ്പേസ് എക്സിന്റെ ഡ്രാഗൺ പേടകം വിജയകരമായി വേർപെട്ടതായി നാസ അറിയിച്ചു. ഇന്ത്യൻ സമയം 10.35 നാണ് 'ക്രൂ 9' സംഘം ഭൂമിയിലേക്ക് മടങ്ങിയത്. ഇനി 17 മണിക്കൂർ നീണ്ടുനിൽക്കുന്ന ബഹിരാകാശ സഞ്ചാരത്തിന് ശേഷം നാളെ പുലർച്ചെ മൂന്നരയ്ക്കാണ് പേടകം ഫ്ലോറിഡ തീരത്ത് ഇറങ്ങുക. സുനിത വില്യംസിനും ബുച്ച് വിൽമോറിനൊപ്പം ക്രൂ 9 അംഗങ്ങളായ നിക് ഹേഗ്, അലക്‌സാണ്ടർ ഗോർബുനോവ് എന്നിവരുമാണ് സ്‌പേസ് എക്‌സിന്റെ ഡ്രാഗൻ മൊഡ്യൂളിൽ ഭൂമിയിലേക്ക് മടങ്ങി എത്തുന്നത്.


ഒൻപത് മാസത്തെ ബഹിരാകാശവാസത്തിന് ശേഷമാണ് നാസയുടെ ബഹിരാകാശഗവേഷകരായ സുനിതാ വില്യംസും, ബുച്ച് വിൽമോറും ഭൂമിയിലേക്ക് മടങ്ങുന്നത്. സ്റ്റാർലൈനറിന്റെ പ്രകടനം വിലയിരുത്തുക, ഭാവി ബഹിരാകാശ പര്യവേക്ഷണങ്ങൾക്ക് അത് എത്രമാത്രം പ്രാപ്തമാണെന്ന് പരിശോധിക്കുക എന്നിവയായിരുന്നു അവരുടെ കർത്തവ്യം.

കഴിഞ്ഞ വർഷം ജൂൺ അഞ്ചിനാണ് ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ മനുഷ്യരെ വഹിച്ചുള്ള ആദ്യ പരീക്ഷണ ദൗത്യത്തിന്റെ ഭാഗമായി സുനിതാ വില്യംസും, ബുച്ച് വിൽമോറും എന്നിവര്‍ ബഹിരാകാശ നിലയത്തിലെത്തിയത്. എട്ടു ദിവസത്തെ ദൗത്യത്തിനായാണ് ഇരുവരും പോയത്. സ്റ്റാർലൈനർ പേടകത്തിലെ ഹീലിയം വാതക ചോർച്ചയും ത്രസ്റ്ററുകൾ ഉപയോഗക്ഷമം അല്ലാതായതുമാണ് മടക്കയാത്രയ്ക്ക് തടസം സൃഷ്ടിച്ചത്. എന്നാൽ ജൂൺ 6 മുതൽ സ്പേസ് സ്റ്റേഷനില്‍ തുടരുന്ന സുനിതയേയും വിൽമോറിനേയും 2025ൽ ഇലോൺ മസ്കിൻ്റെ സ്‌പേസ് എക്‌സിൻ്റെ 'ഡ്രാഗൺ ക്രൂ' ബഹിരാകാശ പേടകത്തിൽ തിരിച്ചെത്തിക്കുമെന്ന് നാസ വ്യക്തമാക്കിയിരുന്നു.

SCROLL FOR NEXT