NEWSROOM

പഹല്‍ഗാം ഭീകരാക്രമണം: രാജ്യത്തെ 244 ജില്ലകളില്‍ നാളെ മോക് ഡ്രില്‍; നിര്‍ദേശങ്ങളുമായി കേന്ദ്രം

മോക് ഡ്രില്ലിന്റെ ഭാഗമായി വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങും

Author : ന്യൂസ് ഡെസ്ക്


പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നാളെ രാജ്യത്തുടനീളമുള്ള 244 ജില്ലകളില്‍ സിവില്‍ ഡിഫന്‍സ് മോക് ഡ്രില്‍ സംഘടിപ്പിക്കും. മോക് ഡ്രില്ലിന്റെ ഭാഗമായി വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങും. കേരളത്തില്‍ കൊച്ചി, തിരുവനന്തപുരം ജില്ലകളിലാണ് വ്യോമാക്രമണ മുന്നറിയിപ്പുമായി ബന്ധപ്പെട്ട മോക് ഡ്രില്‍ ഉണ്ടാവുക.

ഗ്രാമീണ തലത്തിലാണ് ഡ്രില്‍ നടക്കുകയെന്നാണ് പുറത്തുവരുന്ന വിവരം. സിവിലിയന്‍സിനും വിദ്യാര്‍ഥികള്‍ക്കും ഉള്‍പ്പടെ പരിശീലനം നല്‍കണമെന്നും വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകളുടെ പ്രവര്‍ത്തന ക്ഷമത പരിശോധിക്കണമെന്നും നിര്‍ദേശങ്ങളില്‍ കേന്ദ്രം വ്യക്തമാക്കിയിരുന്നു. നിര്‍ദേശങ്ങളുമായി ബന്ധപ്പെട്ടുള്ള പരിശീലനവും ഇന്ന് നടന്നു.

കണ്‍ട്രോള്‍ റൂമുകളും ബാക്ക് അപ്പ് സംവിധാനങ്ങളും അടിയന്തര ഘട്ടങ്ങളില്‍ എത്രമാത്രം കാര്യക്ഷമമാണ് എന്നും മോക് ഡ്രില്ലിലൂടെ പരിശോധിക്കും. പെട്ടെന്ന് വ്യോമാക്രമണം ഉണ്ടായാല്‍ അതില്‍ നിന്ന് രക്ഷപ്പെടാന്‍ വീടുകളില്‍ ലൈറ്റുകള്‍ ഓഫ് ചെയ്യുന്ന ബ്ലാക്ക് ഔട്ട് പരിശീലനവും മോക് ഡ്രില്ലില്‍ ഉള്‍പ്പെടും. അടിയന്തര സാഹചര്യത്തില്‍ അഗ്നിശമന സേന എത്രത്തോളം തയ്യാറായിരിക്കുന്നു എന്നും മോക് ഡ്രില്‍ പരിശോധിക്കും.

കാര്‍ഗില്‍ യുദ്ധകാലത്ത് പോലും നല്‍കാത്ത വിപുലമായ തയ്യാറെടുപ്പാണ് കേന്ദ്രം നിലവില്‍ ചെയ്യുന്നത്. നാളെ നടത്തുന്ന മോക്ക് ഡ്രില്ലിനെ സംബന്ധിച്ചുള്ള സെക്രട്ടറി തല ചര്‍ച്ചകളും ഇന്ന് നടന്നു. ഇന്ന് 10.45ന് ആരംഭിച്ച യോഗത്തില്‍ ചീഫ് സെക്രട്ടറിമാരും സിവില്‍ ഡിഫന്‍സ് തലവന്‍മാരുമാണ് പങ്കെടുത്തത്. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ മോക്ക് ഡ്രില്‍ നടത്താനാണ് ഇന്നലെ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ നിര്‍ദ്ദേശം.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. മോക്ക് ഡ്രില്ലിന് മുന്നോടിയായുള്ള കൂടിക്കാഴ്ചയാണിത്.
24 മണിക്കൂറിനുള്ളില്‍ രണ്ടാം തവണയാണ് ദോവല്‍- മോദി കൂടിക്കാഴ്ച നടക്കുന്നത്.

അതേസമയം, നിയന്ത്രണ രേഖയ്ക്ക് സമീപം പ്രകോപനം തുടര്‍ന്ന് പാകിസ്ഥാന്‍. തുടര്‍ച്ചയായ പന്ത്രണ്ടാം ദിവസവും ജമ്മു കശ്മീരിലെ എട്ട് മേഖലകളിലാണ് പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. നാളെ നടക്കുന്ന മോക്ക് ഡ്രില്ലിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സെക്രട്ടറി തല യോഗം ഇന്ന് നടന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ പ്രധാനമന്ത്രിയുമായി ഇന്നും കൂടിക്കാഴ്ച നടത്തി. അതിനിടെ പൂഞ്ച് സെക്ടറില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം പാക് പൗരന്‍ പിടിയിലായി.

തുടര്‍ച്ചയായ 12-ാം ദിവസവും അതിര്‍ത്തിയില്‍ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. അതിര്‍ത്തി നിയന്ത്രണരേഖയില്‍ എട്ട് മേഖലകളിലാണ് ഇന്നലെ രാത്രിയോടെ കരാര്‍ ലംഘനമുണ്ടായത്. കുപ്വാര, ബാരാമുള്ള, പൂഞ്ച്, രജൗരി, മെന്‍ധാര്‍, നൗഷേര, സുന്ദര്‍ബനി, അഖ്‌നൂര്‍ എന്നിവിടങ്ങളിലാണ് പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്.

SCROLL FOR NEXT