NEWSROOM

വിവാദങ്ങളും രാഷ്ട്രീയ വാഗ്‌വാദങ്ങളും കണ്ട അഞ്ച് വർഷം; തെരഞ്ഞെടുപ്പ് ചൂടിലേക്ക് രാജ്യതലസ്ഥാനം

രാഷ്ട്രീയ വിവാദങ്ങളും തെരഞ്ഞെടുപ്പ് യുദ്ധവും കളം നിറയുന്ന അവിടെ ഭരണത്തുടർച്ചയോ അതോ ബിജെപിയോ ഇത്തവണ എന്നതാണ് ഉയരുന്ന ചോദ്യം

Author : ന്യൂസ് ഡെസ്ക്

രാഷ്ട്രീയാഭിമാന പോരാട്ടത്തിന്റെ പടനിലമാണ് രാജ്യ തലസ്ഥാനം. നിർണായകമായ പല മാറ്റങ്ങളും കണ്ട ഭൂമിക. 15 വർഷത്തെ കോൺഗ്രസ് ഭരണത്തിന് അന്ത്യം കുറിച്ച് ഉദയം ചെയ്ത പാർട്ടിയാണ് ഇപ്പോൾ ഡൽഹി ഭരിക്കുന്ന എഎപി. എന്നാൽ രാഷ്ട്രീയ വിവാദങ്ങളും തെരഞ്ഞെടുപ്പ് യുദ്ധവും കളം നിറയുന്ന അവിടെ ഭരണത്തുടർച്ചയോ അതോ ബിജെപിയോ ഇത്തവണ എന്നതാണ് ഉയരുന്ന ചോദ്യം.

നിയമസഭാ തെരഞ്ഞെടുപ്പിലേക്കെത്തി നിൽക്കേ മുൻപ് എങ്ങുമില്ലാത്ത വിധം തിളച്ചു മറിയുകയാണ് ഡൽഹി രാഷ്ട്രീയം. വിവാദങ്ങളും രാഷ്ട്രീയ വാഗ്വാദങ്ങളുമാണ് അഞ്ച് വർഷത്തിനിടെ രാജ്യതലസ്ഥാനം കണ്ടത്. 2015 ൽ 67 സീറ്റ് നേടിയായിരുന്നു എഎപി ആദ്യമായി രാജ്യതലസ്ഥാനം പിടിച്ചെടുത്തത്. 2020 ൽ നടന്ന തെരഞ്ഞെടുപ്പിൽ സീറ്റുകളുടെ എണ്ണം 62 ആയി കുറഞ്ഞെങ്കിലും മികച്ച സീറ്റ് ശരാശരി നിലനിർത്താനായി. മൂന്നാം തവണ ഭരണത്തിലേറാൻ ജനകീയ പ്രഖ്യാപനങ്ങൾ നടത്തിയാണ് എഎപി കളം നിറയുന്നത്.

കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും രണ്ടക്കം കടക്കാൻ സാധിക്കാത്ത ബിജെപി ഇക്കുറി ഡൽഹി പിടിച്ചെടുക്കാൻ അരയും തലയും മുറുക്കിയ പ്രചാരണത്തിലാണ്. ഡൽഹിയിൽ പൊതുറാലിയിൽ സംസാരിച്ച പ്രധാനമന്ത്രി ആംആദ്മിക്കെതിരായ ആരോപണം കടുപ്പിച്ചു കഴിഞ്ഞു. മോദിയുടെ 'ആപ്ഡ', 'ശീഷ്മഹൽ' പരാമർശങ്ങൾ പ്രവർത്തകർ ഏറ്റെടുത്തതോടെ പോരാട്ടം കനത്തു.

തുടർച്ചയായ 15 വർഷം ഭരണത്തിലിരുന്നെങ്കിലും നിലവിൽ തെരഞ്ഞെടുപ്പ് ചിത്രത്തിലെവിടെയും കോൺഗ്രസില്ല. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ എഎപിയുമായി സഖ്യം ചേർന്ന് മത്സരിച്ചെങ്കിലും നിയമസഭയിലേക്ക് ഇന്ത്യാ സഖ്യ ബാനറില്ലാതെയാണ് ആംആദ്മിയും കോൺഗ്രസും മത്സരിക്കുന്നത്. ആംആദ്മിക്കായി വൻതോതിൽ പഞ്ചാബിൽ നിന്നും കള്ളപ്പണമൊഴുക്കുന്നുവെന്നും കോൺഗ്രസ് ആരോപിച്ചുകഴിഞ്ഞു.

2011ൽ അണ്ണാ ഹസാരെയുടെ നേതൃത്വത്തിലുള്ള അഴിമതി വിരുദ്ധ പ്രസ്ഥാനത്തിൻ്റെ ഭാഗമായി ഉയർന്നു വന്ന പാർട്ടിയാണ് ആംആദ്മി. എന്നാൽ ഡൽഹിയിലെ രണ്ടാമൂഴത്തിൽ എഎപിക്ക് ചെറുതായൊന്ന് പിഴച്ചു. 2021ൽ സർക്കാർ നടപ്പാക്കിയ മദ്യനയത്തിൽ കൈപൊള്ളി. മദ്യനയത്തിൽ അഴിമതി ആരോപിച്ച് ബിജെപി പരാതി നൽകി. പുതിയ മദ്യനയം സർക്കാരിന് 144 കോടിയുടെ നഷ്ടമുണ്ടാക്കിയെന്ന കണ്ടെത്തലോടെ ആംആദ്മി പ്രതിക്കൂട്ടിൽ. മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസ് 2022ൽ സിബിഐയിലേക്ക്.

2023 ഫെബ്രുവരി 26ന് ചോദ്യം ചെയ്യലിന് വിളിച്ചുവരുത്തിയ എക്സൈസ് വകുപ്പിൻ്റെ ചുമതല വഹിക്കുന്ന ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറസ്റ്റിലായി. അവിടെ തുടങ്ങി, ആംആദ്മി സർക്കാരിൻ്റെ കഷ്ടകാലം. ഒരു വർഷത്തിലേറെ കേന്ദ്ര ഏജൻസികൾ കെജ്‌രിവാളിനെ വട്ടമിട്ട് പറന്നു. 2024 മാർച്ച് 21ന് ഡൽഹി മുഖ്യമന്ത്രിയായിരിക്കെ കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തു. ഇഡി കസ്റ്റഡിയിലിരിക്കെ ജൂൺ 26ന് സിബിഐ അറസ്റ്റ്. അഴിമതിക്കെതിരെ പോരാട്ടം നടത്തി അധികാരം പിടിച്ചെടുത്ത നേതാവ് അഴിമതിക്കേസില്‍ ജയിലിലുമായി..

ഇതോടെ സംസ്ഥാനത്ത് ഭരണപ്രതിസന്ധിയാണെന്ന പ്രതീതിയുയർന്നു. ജനങ്ങൾക്കിടയിൽ പ്രതിച്ഛായ മെച്ചപ്പെടുത്താൻ മുഖ്യമന്ത്രിയായി അതിഷി മർലേന നിയോഗിക്കപ്പെട്ടു. സുഷമ സ്വരാജിനും ഷീലാ ദീക്ഷിതിനും ശേഷം രാജ്യതലസ്ഥാനത്തെ മൂന്നാം വനിതാ മുഖ്യമന്ത്രിയായി.

ചുനാവി ഹിന്ദുവെന്ന് കെജ്രാവാളിനേയും ചുനാവി മുസൽമാനെന്ന് അമിത് ഷായേയും ബിജെപിയും എഎപിയും കുറ്റപ്പെടുത്തുണ്ട്. ഹാട്രിക് വിജയം എഎപിയെ സംബന്ധിച്ച് കേവല ലക്ഷ്യം മാത്രമല്ല. അഭിമാനപോരാട്ടമാണ്. വോട്ടര്‍മാര്‍ തൻ്റെ സത്യസന്ധത അംഗീകരിച്ചാല്‍ മാത്രമേ ഇനി മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ളൂവെന്ന് കെജ്‌രിവാൾ രാജി പ്രഖ്യാപനത്തിൽ പറഞ്ഞത് വോട്ടിൽ പ്രതിഫലിക്കുമോ എന്ന് കാത്തിരുന്ന് കാണാം.

SCROLL FOR NEXT