NEWSROOM

നാഷണൽ കോൺഫറൻസ് നേതാവ് ഒമര്‍ അബ്ദുള്ളയ്ക്ക് ഉജ്ജ്വല വിജയം

പിഡിപി സ്ഥാനാര്‍ഥി ആഗ സയ്യിദ് മന്‍തസീറിനെയാണ് ഒമർ തോൽപ്പിച്ചത്.

Author : ന്യൂസ് ഡെസ്ക്


ജമ്മു കശ്മീര്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച രണ്ടിടത്തും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ളയ്ക്ക് ഉജ്ജ്വല വിജയം. ബഡ്ഗാമിലും ഗന്ധർബാലിലുമാണ് ഒമർ അബ്ദുള്ള വിജയിച്ചത്. ബഡ്ഗാമിൽ 18485 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഒമര്‍ അബ്ദുള്ളയുടെ വിജയം. പിഡിപി സ്ഥാനാര്‍ഥി ആഗ സയ്യിദ് മന്‍തസീറിനെയാണ് ഒമർ തോൽപ്പിച്ചത്. 

ഗന്ധര്‍ബാല്‍ മണ്ഡലത്തില്‍ 10574 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയം. എതിര്‍ സ്ഥാനാര്‍ഥിയായ പിഡിപി നേതാവ് ബാഷിര്‍ അഹമ്മദ് മിറിനെയാണ് പരാജയപ്പെടുത്തിയത്. മണ്ഡലത്തിൽ 32727 വോട്ടുകൾ ഒമര്‍ അബ്ദുള്ള നേടിയപ്പോൾ 22153 വോട്ടുകളാണ് ബാഷിര്‍ നേടിയത്.

ബഡ്ഗാമിൽ 36,010 വോട്ടുകളാണ് ഒമര്‍ അബ്ദുള്ളയ്ക്ക് ലഭിച്ചത്. മന്‍തസീറിന് 17,525 വോട്ടുകളും ലഭിച്ചു. 2014ലെ തെരഞ്ഞെടുപ്പില്‍ ബഡ്ഗാമില്‍ നിന്ന് മത്സരിച്ച് വിജയിച്ചത് നാഷണല്‍ കോണ്‍ഫറന്‍സിന്റെ ആഗ റൂഹുള്ളയായിരുന്നു. 2787 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു അന്ന് റൂഹുള്ള വിജയിച്ചത്.

നാഷണല്‍ കോണ്‍ഫറന്‍സ് ഭാഗമായുള്ള ഇന്ത്യ സഖ്യം ജമ്മു കശ്മീരില്‍ തൂത്തുവാരുകയാണ്. 48 സീറ്റുകളില്‍ ഇന്ത്യ സഖ്യം മുന്നേറുമ്പോള്‍ ബിജെപി 29 സീറ്റുകളില്‍ മാത്രമാണ് മുന്നേറുന്നത്. പിഡിപി നാല് സീറ്റുകളിലും മുന്നേറുന്നു.

SCROLL FOR NEXT