NEWSROOM

ദേശീയപാത വികസനം; ചെർക്കള – ചട്ടഞ്ചാൽ പാതയോരങ്ങളിൽ നിരന്തരമായി മണ്ണിടിച്ചിൽ; അശാസ്ത്രീയ നിർമാണത്തെ വിമർശിച്ച് ജനങ്ങള്‍

ബംഗളൂരു- കോഴിക്കോട് ദേശീയപാത 766 ലാണ് തുടർച്ചയായ മണ്ണിടിച്ചിൽ. ആദ്യഘട്ടത്തിൽ നിർമാണത്തിനിടെ പല ഭാഗങ്ങളിലും മണ്ണിളകി വീണ് പണി തടസപ്പെട്ടിരുന്നു

Author : ന്യൂസ് ഡെസ്ക്

ദേശീയപാത 66 വികസനത്തിൻ്റെ ഭാഗമായുള്ള നിർമാണത്തിനിടെ ചെർക്കള – ചട്ടഞ്ചാൽ പാതയോരങ്ങളിൽ നിരന്തരമായി മണ്ണിടിച്ചിൽ സംഭവിക്കുന്നു. ചെങ്കുത്തായി മണ്ണെടുത്ത പല സ്ഥലങ്ങളിലും മണ്ണിടിയുകയോ വിള്ളൽ വീഴുകയോ ചെയ്തിട്ടുണ്ട്. അശാസ്ത്രീയമായ നിർമാണമാണ് ഇതിന് കാരണമെന്നാണ് വിമർശനം.

ബംഗളൂരു- കോഴിക്കോട് ദേശീയപാത 766 ലാണ് തുടർച്ചയായ മണ്ണിടിച്ചിൽ. ആദ്യഘട്ടത്തിൽ നിർമാണത്തിനിടെ പല ഭാഗങ്ങളിലും മണ്ണിളകി വീണ് പണി തടസപ്പെട്ടിരുന്നു. ഇപ്പോഴാകട്ടെ പ്രവൃത്തി പൂർത്തിയായ സ്ഥലങ്ങളിലാണ് വ്യാപകമായി മണ്ണിടിയുന്നത്. ഹൈവേക്കായി ഭൂമിയേറ്റെടുത്തവർക്ക് ശേഷിക്കുന്ന ഭൂമിയിൽ വഴി അനുവദിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, അശാസ്ത്രീയമായ നിർമാണം കാരണം ഇവരുടെ വീടുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് വീടുകൾ പൂർണമായും തകർന്നു.


മണ്ണ് ഇടിയാതിരിക്കാൻ സിമൻ്റ് എം സാന്‍ഡില്‍ മിക്സ് ചെയ്ത് മണ്ണിന് മുകളിൽ സ്പ്രേ ചെയ്യുന്ന രീതിയാണ് ഇപ്പോള്‍ അവലംബിക്കുന്നത്. എന്നാൽ ഇത് പ്രായോഗികമല്ലെന്നാണ് നാട്ടുകാരുടെ ആരോപണം. നിലവിൽ ചെർക്കളയ്ക്കും ചട്ടഞ്ചാലിനുമിടയിൽ പല സ്ഥലങ്ങളും വിണ്ടു കീറിയ അവസ്ഥയാണ്. ചില സർവീസ് റോഡുകള്‍ വാഹനം കയറിയാൽ ഏത് നിമിഷവും തകരുമെന്ന അവസ്ഥയിലാണ്.  അതിനാല്‍ പലരും സ്വന്തം വീടുപേക്ഷിച്ച് വാടക വീടുകളിലേക്ക് മാറി. ഹൈവേ അതോറിറ്റിക്ക് പല തവണ പരാതി നൽകിയെങ്കിലും പരിഹാരമുണ്ടായിട്ടില്ലെന്നാണ് പ്രദേശവാസികളുടെ ആരോപണം.

SCROLL FOR NEXT