NEWSROOM

പത്തനംതിട്ട പീഡനക്കേസ്: സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

കുട്ടിയുടെ ആരോഗ്യനില, കൗൺസിലിങ്, കുട്ടിക്ക് ധനസഹായം നൽകിയിട്ടുണ്ടോ എന്നിവയിൽ വിശദമായ റിപ്പോർട്ട് നൽകണമെന്നും മനുഷ്യാവകാശ കമ്മീഷൻ പറയുന്നു

Author : ന്യൂസ് ഡെസ്ക്

പത്തനംതിട്ടയിൽ കായിക താരത്തെ പീഡിപ്പിച്ചതിൽ സ്വമേധയ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. കേരള ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും കമ്മീഷൻ നോട്ടീസ് അയച്ചു. 14 ദിവസത്തിനകം ചീഫ് സെക്രട്ടറിയും ഡിജിപിയും മറുപടി നൽകണം. കുട്ടിയുടെ ആരോഗ്യനില, കൗൺസിലിങ്, കുട്ടിക്ക് ധനസഹായം നൽകിയിട്ടുണ്ടോ എന്നിവയിൽ വിശദമായ റിപ്പോർട്ട് നൽകണമെന്നും മനുഷ്യാവകാശ കമ്മീഷൻ പറയുന്നു.


കേരളത്തെ ഞെട്ടിച്ച വാർത്തയായിരുന്നു പത്തനംതിട്ടയിലെ പീഡനക്കേസ്. ആദ്യമായാണ് ഒരു ദേശീയ ഏജൻസി വിഷയത്തിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടുന്നത്. പീഡനത്തിനിരയായത് ദളിത് പെൺകുട്ടിയാണെന്നും മനുഷ്യാവകാശ കമ്മീഷൻ എടുത്തുപറയുന്നു.

പത്തനംതിട്ടയിൽ കായിക വിദ്യാർഥിയായ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ ഇതുവരെ 57 പേരാണ് അറസ്റ്റിലായത്. മൂന്ന് പേർ മാത്രമാണ് ഇനി പിടിയിൽ ആകാനുള്ളത്. ഇതിൽ രണ്ടുപേർ വിദേശത്താണ്. ഇവർക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. പ്രതികളിൽ അഞ്ച് പേർക്ക് പ്രായം 18 വയസ്സിൽ താഴെയാണ് പ്രായം. കേസിൽ ആകെ ആകെ 60 പ്രതികളാണുള്ളത്.

പരിശീലകരും അയല്‍വാസികളും സഹപാഠികളുമുള്‍പ്പെടെ 60 ഓളം പേര്‍ പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ പരാതി. സ്‌കൂളിലെ കൗണ്‍സിലിങ്ങിനിടെ ടീച്ചറോടാണ് കുട്ടി വിവരം തുറന്നുപറയുന്നത്. ഈ മൊഴി സിഡബ്ല്യുസിയുടേയും തുടര്‍ന്ന് പൊലീസിന്റെയും കൈയ്യില്‍ എത്തുകയായിരുന്നു.

കായിക പരിശീലനത്തിനെത്തിയപ്പോള്‍ അധ്യാപകരും, പിന്നീട് സഹപാഠികളും തന്നെ ലൈംഗികമായി ഉപയോഗിച്ചുവെന്നാണ് കുട്ടിയുടെ വെളിപ്പെടുത്തല്‍. കുട്ടിയുടെ നഗ്നചിത്രം പ്രചരിച്ചതിന് പിന്നാലെയാണ് കൂടുതല്‍ പേര്‍ തേടിയെത്തിയത്. ഇവര്‍ പെണ്‍കുട്ടിയെ നിരന്തരം സമീപിക്കുകയും, പത്തനംതിട്ടയുടെ വിവിധ ഭാഗങ്ങളില്‍ വച്ച് പീഡിപ്പിച്ചുവെന്നും മൊഴിയില്‍ പറയുന്നു.


SCROLL FOR NEXT