NEWSROOM

"വെള്ളാപ്പള്ളി പിന്നോക്ക വിഭാഗങ്ങളുടെ നേതാവ്, പങ്കുവെച്ചത് ചില യാഥാർഥ്യങ്ങൾ": മലപ്പുറം വിവാദപരാമർശത്തിൽ എ.പി. അബ്ദുൾ വഹാബ്

ഒരു ജില്ലയെയോ സമൂഹത്തെയോ വെള്ളാപ്പള്ളി നടേശൻ അധിക്ഷേപിച്ചിട്ടില്ലെന്നും, ചില യാഥാർഥ്യങ്ങളാണ് അദ്ദേഹം പ്രസംഗത്തിൽ പങ്കുവെച്ചതെന്നും അബ്ദുൾ വഹാബ് പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

മലപ്പുറത്തെ വിദ്വേഷ പ്രസംഗത്തിന് ശേഷം എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ്റെ വീട്ടിലെത്തി സന്ദർശനം നടത്തി നാഷണൽ ലീഗ് അധ്യക്ഷൻ എ.പി. അബ്ദുൾ വഹാബ്. ഒരു ജില്ലയെയോ സമൂഹത്തെയോ വെള്ളാപ്പള്ളി നടേശൻ അധിക്ഷേപിച്ചിട്ടില്ലെന്നും, ചില യാഥാർഥ്യങ്ങളാണ് അദ്ദേഹം പ്രസംഗത്തിൽ പങ്കുവെച്ചതെന്നും അബ്ദുൾ വഹാബ് പറഞ്ഞു. പിന്നോക്ക വിഭാഗങ്ങളുടെ നേതാവാണ് വെള്ളാപ്പള്ളി. സാമൂഹിക നീതിക്ക് വേണ്ടിയുള്ള പോരാട്ടങ്ങളാണ് അദ്ദേഹം നടത്തുന്നതെന്നും അബ്ദുൾ വഹാബ് പറഞ്ഞു. പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതിൽ ആശങ്കയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേ‍ർത്തു.

അതേസമയം, തന്റെ പ്രസംഗത്തെ ദുർവ്യാഖ്യാനം ചെയ്ത് മുസ്ലീം ലീഗ് ആണ് തെറ്റിദ്ധാരണ പരത്തുന്നതെന്ന് വെള്ളാപ്പള്ളി നടേശൻ ആവർത്തിച്ചു. ലീഗാണ് തെറ്റിധാരണ പരത്തുന്നത്. രാഷ്ട്രീയ പ്രമാണികൾക്ക് വേണ്ടിയാണ് ഇതു ചെയ്യുന്നത്. താനൊരിക്കലും മുസ്ലീം വിരോധിയില്ല. ലീഗ് നേതാക്കളാണ് പ്രസം​ഗത്തെ ഇങ്ങനെ പ്രചരിപ്പിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. ലീഗ് മുസ്ലീം സമുദായത്തിൻ്റെ കുത്തക അവകാശം ഏറ്റെടുക്കേണ്ട. ലീഗിൻ്റെ ഭരണത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിച്ചിട്ടില്ല. പല തവണ കയറി ഇറങ്ങിയെങ്കിലും ഒന്നും തന്നില്ലെന്നും വെള്ളാപ്പള്ളി നടേശൻ കുറ്റപ്പെടുത്തി.

എസ്എന്‍ഡിപി യോഗം നിലമ്പൂര്‍ യൂണിയന്‍ സംഘടിപ്പിച്ച കണ്‍വെന്‍ഷനിലായിരുന്നു വെള്ളാപ്പള്ളി നടേശന്റെ വിവാദ പരാമര്‍ശം. മലപ്പുറം പ്രത്യേക രാജ്യമാണെന്നും, ഈഴവര്‍ക്ക് ജില്ലയില്‍ അവഗണയാണന്നുമാണ് വെള്ളാപ്പള്ളി പറഞ്ഞത്. നിങ്ങള്‍ പ്രത്യേക രാജ്യത്തിനിടയില്‍ പേടിച്ച് ഭയന്ന് ജീവിക്കുന്നവരാണ്. സ്വതന്ത്രമായ വായു ശ്വസിച്ചും, അഭിപ്രായം പറഞ്ഞും മലപ്പുറത്ത് ജീവിക്കാന്‍ കഴിയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

സ്വാതന്ത്ര്യത്തിന്റെ ഗുണഫലത്തിന്റെ ഒരംശം പോലും പിന്നാക്ക വിഭാഗങ്ങള്‍ക്ക് മലപ്പുറത്ത് ലഭിച്ചിട്ടില്ല. എല്ലാവര്‍ക്കും വോട്ട് കൊടുക്കാന്‍ മാത്രം വിധിക്കപ്പെട്ട വോട്ടുകുത്തിയന്ത്രങ്ങളാണ് നമ്മള്‍. നിങ്ങള്‍ക്ക് പഠിക്കാന്‍ മലപ്പുറത്ത് കുടിപ്പള്ളിക്കൂടമെങ്കിലും തരുന്നുന്നുണ്ടോ. തൊഴിലുറപ്പില്‍ വളരെ പ്രാതിനിധ്യമുണ്ട് എന്നാല്‍ മറ്റെന്തിലാണ് പ്രാതിനിധ്യമുള്ളതെന്നും വെള്ളാപ്പള്ളി ചോദിച്ചിരുന്നു. നിരവധി പേരാണ് വെള്ളാപ്പള്ളിയുടെ പ്രസ്താവനയ്‌ക്കെതിരെ ഇതിനകം പ്രതികരിച്ചത്.

SCROLL FOR NEXT