NEWSROOM

സലാം തെവാരിഷ്! യെച്ചൂരിക്ക് വിട നൽകി ദേശീയ രാഷ്ട്രീയ നേതാക്കൾ

പ്രത്യയശാസ്ത്രത്തിലെ എതിർപ്പുകൾക്കപ്പുറം ഇന്ത്യയിലെ എല്ലാ രാഷ്ട്രീയനേതാക്കളുമായും യെച്ചൂരിക്ക് ബന്ധമുണ്ടായിരുന്നു.

Author : ന്യൂസ് ഡെസ്ക്




സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് ദേശീയ രാഷ്ട്രീയ നേതാക്കൾ. ഇന്ത്യ മുന്നണി നേതാക്കളും ബിജെപി നേതാക്കളും അനുശോചനവുമായി രംഗത്തെത്തി. പ്രത്യയശാസ്ത്രത്തിലെ എതിർപ്പുകൾക്കപ്പുറം ഇന്ത്യയിലെ എല്ലാ രാഷ്ട്രീയനേതാക്കളുമായും യെച്ചൂരിക്ക് ബന്ധമുണ്ടായിരുന്നു. അദ്ദേഹത്തിൻ്റെ വിയോഗത്തിന് പിന്നാലെയെത്തിയ കുറിപ്പുകൾ വ്യക്തമാക്കുന്നതും ഇതാണ്. 

യെച്ചൂരിയുടെ വിയോഗം നമുക്കെല്ലാവർക്കും തീരാനഷ്ടമാണെന്നായിരുന്നു കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി കുറിച്ചത്.  " നമ്മുടെ രാജ്യത്തിനായി അദ്ദേഹം നടത്തിയ എല്ലാ സേവനവും സമർപ്പണവും വലിയ ബഹുമാനം അർഹിക്കുന്നു. എല്ലാറ്റിനുമുപരിയായി, അദ്ദേഹം തികച്ചും മാന്യനായ ഒരു മനുഷ്യനായിരുന്നു, രാഷ്ട്രീയത്തിൻ്റെ കഠിനമായ ലോകത്തേക്ക് സമനിലയും സൗമ്യതയും കൊണ്ടുവന്നത് യെച്ചൂരിയാണ്.  അദ്ദേഹത്തിൻ്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെ, അദ്ദേഹത്തിൻ്റെ പ്രിയപ്പെട്ടവർക്ക് ഈ ദുരന്തത്തെ നേരിടാനുള്ള ശക്തിയും ധൈര്യവും ലഭിക്കട്ടെ." പ്രിയങ്ക എക്സിൽ കുറിച്ചു.

ഒരു വലിയ കുറിപ്പ് തന്നെ പങ്കുവെച്ചുകൊണ്ടായിരുന്നു മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ജയറാം രമേശ് ദുഃഖം പങ്കുവെച്ചത്. "സീതാറാം യെച്ചൂരി - വളരെ നല്ല മനുഷ്യൻ, ബഹുഭാഷാ ഗ്രന്ഥകാരൻ, പശ്ചാത്താപമില്ലാത്ത പ്രായോഗികതയുള്ള മാർക്‌സിസ്റ്റ്, സിപിഎമ്മിൻ്റെ നെടുംതൂൺ. അതിശയകരമായ ബുദ്ധിയും നർമബോധവുമുള്ള മികച്ച പാർലമെൻ്റേറിയൻ - ഇനിയില്ല. മൂന്ന് പതിറ്റാണ്ടിലേറെ ബന്ധമുണ്ട് ഞങ്ങൾ തമ്മിൽ. വ്യത്യസ്ത അവസരങ്ങളിൽ ഞങ്ങൾ ഒരുമിച്ച് പ്രവർത്തിച്ചു.

ഇന്ത്യൻ രാഷ്ട്രീയത്തിലുടനീളം അദ്ദേഹത്തിന് സുഹൃത്തുക്കളുണ്ടായിരുന്നു. അദ്ദേഹത്തിൻ്റെ ബോധ്യങ്ങളുടെ കരുത്തും ഏറ്റവും ആകർഷകമായ വ്യക്തിത്വവും തന്നെയാണ് ഏറെ പ്രശംസ നേടിയിരുന്നത്.  സലാം തൊവാരിഷ്. നിങ്ങൾ വളരെ നേരത്തെ ഞങ്ങളെ വിട്ടുപോയി, പക്ഷേ നിങ്ങൾ പൊതുജീവിതത്തെ അളക്കാനാവാത്തവിധം സമ്പന്നമാക്കി. ഒരിക്കലും മറക്കില്ല," ജയറാം രമേശ് കുറിച്ചു.

യെച്ചൂരിയുടെ വിയോഗത്തിൽ കോൺഗ്രസ് ദേശീയാധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്കും മറിച്ചൊന്നും പറയാനുണ്ടായിരുന്നില്ല. "സഖാവ് സീതാറാം യെച്ചൂരിജിയുടെ നിര്യാണത്തിൽ എൻ്റെ ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തുന്നു. വ്യക്തിസമവാക്യങ്ങളെ രാഷ്ട്രീയ പ്രത്യയശാസ്ത്രവുമായി സന്തുലിതമാക്കാൻ കഴിവുള്ള നേതാവായിരുന്നു അദ്ദേഹം. മികച്ച പാർലമെൻ്റേറിയനും ബുദ്ധിമാനുമായ അദ്ദേഹം, ആദർശവാദവുമായി ഇടകലർന്ന പ്രായോഗികതയോടെ ഇന്ത്യയിലെ ജനങ്ങളെ സേവിച്ചു. പുരോഗമനവാദികളുടെ കൂട്ടായ മനസാക്ഷി സൂക്ഷിപ്പുകാരനായിരുന്ന യെച്ചൂരി എല്ലാ ലിബറൽ ശക്തികൾക്കും വലിയ നഷ്ടമാണ്. ലിബറലിസത്തിൻ്റെ സുഹൃത്തും സന്തതസഹചാരിയുമായ യെച്ചൂരിക്ക് ഞങ്ങളുടെ അവസാന സല്യൂട്ട്. ഇന്ത്യൻ രാഷ്ട്രീയത്തിന് ഇതൊരു നഷ്ടമായിരിക്കും." ഖാർഗെ തൻ്റെ എക്സ് പോസ്റ്റിലൂടെ എഴുതി.

മുതിർന്ന പാർലമെൻ്റേറിയൻ ആയ യെച്ചൂരിയെ തനിക്കറിയാമെന്നും അദ്ദേഹത്തിൻ്റെ വിയോഗം ദേശീയ രാഷ്ട്രീയത്തിന് തീരാനഷ്ടമായിരിക്കുമെന്നും പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. 

കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരി, കിരൺ റിജിജു എന്നിവരും യെച്ചൂരിയുടെ വിയോഗത്തിൽ അനുശോചനമറിയിച്ചു. "സീതാറാം യെച്ചൂരി ജിയുടെ വേർപാടിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. പൊതുജീവിതത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ എന്നും ഓർമ്മിക്കപ്പെടും. ഈ സമയത്ത് അദ്ദേഹത്തിൻ്റെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും ഹൃദയംഗമമായ അനുശോചനം. ഓം ശാന്തി." നിതിൻ ഗഡ്കരി എക്സിൽ കുറിച്ചു.

"മുതിർന്ന സിപിഎം നേതാവ് സീതാറാം യെച്ചൂരി ജിയുടെ ദാരുണമായ വിയോഗത്തിൽ എനിക്ക് അതിയായ ദുഃഖമുണ്ട്. പാർലമെൻ്റിൽ ഞങ്ങൾക്ക് വർഷങ്ങളോളം പ്രവർത്തന ബന്ധമുണ്ടായിരുന്നു. അദ്ദേഹത്തിൻ്റെ കുടുംബത്തിനും സഹപ്രവർത്തകർക്കും ആരാധകർക്കും എൻ്റെ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു,"" - കിരൺ റിജിജുവിൻ്റെ എക്സ് പോസ്റ്റുമെത്തി.

"മുതിർന്ന സിപിഎം നേതാവ് സീതാറാം യെച്ചൂരി ജിയുടെ വേർപാടിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും ആദരണീയമായ ശബ്ദങ്ങളിലൊന്നായി അണികളിൽ നിന്ന് ഉയർന്നുവന്ന ശക്തനായിരുന്നു യെച്ചൂരി. പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിനും താഴെത്തട്ടിലുള്ള ജനങ്ങളുമായുള്ള ബന്ധത്തിനും അദ്ദേഹം പ്രശസ്തനായിരുന്നു. ഇന്ത്യൻ രാഷ്ട്രീയത്തിലുടനീളമുള്ള നേതാക്കളുമായി അദ്ദേഹം നടത്തിയ സംവാദങ്ങൾ യെച്ചൂരിക്ക് പാർട്ടിക്കപ്പുറം അംഗീകാരം നേടിക്കൊടുത്തു. അദ്ദേഹത്തിൻ്റെ കുടുംബത്തിനും സഖാക്കൾക്കും അനുയായികൾക്കും എൻ്റെ ഹൃദയംഗമമായ അനുശോചനം. അദ്ദേഹത്തിൻ്റെ ആത്മാവിന് ശാന്തി നേരുന്നു, " ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിൻ്റെ എക്സ് പോസ്റ്റിൽ പറയുന്നു.

ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഓഗസ്റ്റ് 19 മുതല്‍ സീതാറാം യെച്ചൂരി ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്നു. 72 വയസായിരുന്നു. ഇന്ന് ഉച്ചയോടെയാണ് മരണം.

SCROLL FOR NEXT