നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച ഉള്‍പ്പെടെ പരീക്ഷാക്രമക്കേടുകള്‍ ഉന്നയിച്ച് വിദ്യാര്‍ഥികള്‍ നടത്തിയ സമരത്തെ അടിച്ചമര്‍ത്തിയ പൊലീസ് നടപടിയെ ചോദ്യം ചെയ്ത് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വിദ്യാര്‍ഥികളെ തെരുവില്‍ ഇങ്ങനെ തല്ലിച്ചതയ്ക്കാന്‍ എന്ത് തെറ്റാണ് അവര്‍ ചെയ്തത്? ന്യായമായ ആവശ്യവുമായാണ് വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങിയത്. എന്തുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത് എന്നതാണ് ചോദ്യം. സമാധാനപരമായി പ്രതിഷേധിച്ച വിദ്യാര്‍ഥികളെ സുരക്ഷാസേന ആയുധങ്ങള്‍കൊണ്ട് നേരിടുകയായിരുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പൊലീസ് അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ കാണിച്ചുകൊണ്ടായിരുന്നു രാഹുലിന്റെ പ്രതികരണം.
എന്തുകൊണ്ടാണ് നമ്മുടെ വിദ്യാര്‍ഥികള്‍ക്ക് ഇങ്ങനെ സംഭവിക്കുന്നത് എന്നതാണ് ചോദ്യമെന്ന് രാഹുല്‍ പറഞ്ഞു. എന്താണ് യഥാര്‍ഥത്തില്‍ നമ്മുടെ കുട്ടികള്‍ ചെയ്തത്. അവര്‍ എന്ത് തെറ്റാണ് ചെയ്തത്? സമാധാനപരമായാണ് അവര്‍ സമരം ചെയ്തത്. അവര്‍ അവരുടെ ആവശ്യങ്ങളാണ് ഉന്നയിച്ചത്. ഈ രാജ്യം ചെയ്യാന്‍ കടപ്പെട്ടിരിക്കുന്നതാണ് അവര്‍ ചോദിച്ചത്. രാജ്യത്തെ വിദ്യാര്‍ഥികള്‍ എന്ന നിലയില്‍ സുതാര്യമായൊരു വിദ്യാഭ്യാസ സംവിധാനം അവര്‍ അര്‍ഹിക്കുന്നുണ്ട്. ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്ന് അവസാനനിമിഷം അറിയേണ്ടിവരുമ്പോള്‍, വലിയ മാനസികവ്യഥകളിലൂടെ നമ്മുടെ കുട്ടികള്‍ കടന്നുപോകുന്നുണ്ട്. നമ്മുടെ വിദ്യാര്‍ഥികള്‍ ജീവനൊടുക്കുന്നുണ്ട്.
ലോകത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ സംവിധാനമായിരുന്നു നമ്മുടേത്. അത് തകര്‍ന്നിരിക്കുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ 152 ചോദ്യ പേപ്പർ ചോർച്ചയുണ്ടായി. എല്ലാ മാസവും ചോദ്യപേപ്പര്‍ ചോര്‍ച്ചയുണ്ടാവുന്ന സാഹചര്യം. ലക്ഷക്കണക്കിന് വിദ്യാര്‍ഥികളെയാണ് അത് നിരാശയിലേക്ക് തള്ളിയിടുന്നത്. 7.5 കോടി കുട്ടികളെയും കുടുംബങ്ങളെയും അത് ബാധിച്ചു. ഇത്രയൊക്കെ സംഭവിച്ചിട്ടും ആരും ശിക്ഷിക്കപ്പെടുന്നില്ല. സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. 1.43 ലക്ഷം കോടി രൂപയാണ് ഓരോ വർഷവും സർക്കാർ നീറ്റിനായി ചിലവാക്കുന്നത്. ഇത്രത്തോളം തുക രാജ്യത്തെ വിദ്യാര്‍ഥികളുടെ കുടുംബങ്ങളും ചിലവാക്കുന്നുണ്ട്. ചോദ്യപേപ്പര്‍ ചോര്‍ച്ചയിലൂടെ ഈ തുക തട്ടിയെടുക്കുകയാണ്. അതുകൊണ്ട് വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങിയത്. സുതാര്യമായ വിദ്യാഭ്യാസ സംവിധാനം വേണമെന്ന് മാത്രമാണ് കുട്ടികൾ ആവശ്യപ്പെടുന്നത്. സമാധാനപരമായിട്ടാണ് അവര്‍ പ്രതിഷേധിച്ചത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ അവരോട് അതിക്രമം കാണിക്കുകയായിരുന്നു.
രാജ്യത്തെ വ്യവസായ, സംരംഭ മേഖലയാകെ തകര്‍ന്നിരിക്കുന്നു. രാജ്യത്ത് യുവാക്കള്‍ക്ക് ഭാവിയില്ല. സര്‍ക്കാര്‍ ജോലി മാത്രമാണ് ആശ്രയം. പക്ഷേ, കേന്ദ്ര സര്‍ക്കാര്‍ അതും നല്‍കുന്നില്ല. അതുകൊണ്ട് വിദ്യാര്‍ഥികള്‍ക്ക് ആവശ്യങ്ങളുണ്ട്. അതില്‍ ഏറ്റവും പ്രധാനം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജിയാണ്. പ്രധാനമന്ത്രി വിദ്യാര്‍ഥികളോടു മാപ്പു പറയണം. രാജ്യത്തെ വിദ്യാഭ്യാസ സംവിധാനം കൈകാര്യം ചെയ്യാന്‍ കഴിവില്ലെന്ന് പ്രധാന്‍ തെളിയിച്ചുകഴിഞ്ഞു. തെരുവില്‍ സമരം ചെയ്യുന്ന വിദ്യാര്‍ഥികളുടെ ആവശ്യത്തെ കോണ്‍ഗ്രസ് പിന്തണയ്ക്കുന്നു. വിദ്യാര്‍ഥി സമരത്തെ തുടര്‍ന്നും പിന്തുണയ്ക്കുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.