എസ്എഫ്ഐയെ നയിക്കാൻ ആദർശ് എം. സജിയും ശ്രീജൻ ഭട്ടാചാര്യയും. ആദർശ് അഖിലേന്ത്യ പ്രസിഡൻ്റും ശ്രീജൻ ഭട്ടാചാര്യ ജനറൽ സെക്രട്ടറിയാകാനും സാധ്യത. രണ്ട് പേരും നിലവിൽ എസ്‌എഫ്ഐ അഖിലേന്ത്യ ജോയിൻ്റ് സെക്രട്ടറിമാരാണ്.
ശ്രീജൻ ഭട്ടാചാര്യ നിലവിൽ സിപിഐഎം പശ്ചിമബംഗാൾ സംസ്ഥാന കമ്മിറ്റി അംഗവും എസ്എഫ്‌ഐ മുൻ സംസ്ഥാന സെക്രട്ടറിയുമാണ്. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ജാദവ്പൂർ മണ്ഡലത്തിൽ നിന്ന് സിപിഐഎം സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. ആദർശ് എം. സജി സിപിഐഎം കൊല്ലം ജില്ലാ കമ്മിറ്റി അംഗവും കേന്ദ്ര ജോയിന്റ് സെക്രട്ടറിയുമാണ്.
ജൂണ്‍ 27ന് കോഴിക്കോടാണ് 18-ാമത് എസ്എഫ്‌ഐ അഖിലേന്ത്യാ സമ്മേളനത്തിന് തുടക്കമായത്. പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ശശികുമാറും നടനും നാടക സംവിധായകനുമായ എം.കെ. റെയ്‌നയും ചേര്‍ന്നാണ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തത്. എസ്എഫ്‌ഐ ദേശീയ പ്രസിഡന്റ് വി.പി. സാനു പതാക ഉയര്‍ത്തി. സമ്മേളന വേദിക്ക് പലസ്തീൻ ഐക്യദാർഢ്യ സദസ്സ് എന്നാണ് പേരിട്ടത്.
ബിജെപി ഇതര കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഗവർണർമാരെ ഉപയോഗിച്ച് ആർഎസ്എസ് രാജ് നടപ്പാക്കാൻ കേന്ദ്ര സർക്കാരിനെ അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം എസ്എഫ്‌ഐ അഖിലേന്ത്യാ സമ്മേളനം വ്യക്തമാക്കിയിരുന്നു. പുതിയ ദേശീയ വിദ്യാഭ്യാസ നയം അടിച്ചേൽപ്പിക്കാനുള്ള മോദി സർക്കാരിന്റെ നീക്കം, സ്വകാര്യവൽക്കരണം എന്നിവ പ്രതിനിധി സമ്മേളനം ചർച്ച ചെയ്തു. 14 സർവകലാശാലകളിൽ നിന്നായി 37 പേരാണ് മൂന്നു മണിക്കൂർ നീണ്ട ചർച്ചയിൽ പങ്കെടുത്തത്. എല്ലാവർക്കും സുരക്ഷിതമായ തൊഴിൽ ഉറപ്പാക്കുക, യുദ്ധവും തീവ്രവാദവും വേണ്ട, രാജ്യത്തെ എല്ലായിടത്തും ഇന്റർനെറ്റ് ലഭ്യമാക്കുക, ആദിവാസി വിഭാഗങ്ങളെ സംരക്ഷിക്കുക എന്നീ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. ജൂണ്‍ 30-ന് സമ്മേളനം സമാപിക്കും.