കൊഹിമ: നാഗാലൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മോക്കോക്ചുങ്ങ് ജില്ലയിൽ എട്ട് പേരും, ടുഎൻസാങ് ജില്ലയിൽ 11 പേരുമാണ് മരിച്ചത്. സംഭവത്തിന് പിന്നാലെ സർക്കാർ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. പൂർണമായും മദ്യം നിരോധിച്ച സംസ്ഥാനമാണ് നാഗാലൻഡ്.
അനധികൃത വിൽപ്പനയിലൂടെ ലഭിച്ച മദ്യം കഴിച്ചവർക്കാണ് അസ്വസ്ഥതകളും ഛർദിയും അനുഭവപ്പെട്ടത്. പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനിടെയാണ് മരണമുണ്ടായത്. മദ്യം എത്തിയത് എവിടെ നിന്നാണെന്ന് അന്വേഷണസംഘം പരിശോധിച്ചു വരുകയാണ്.
വ്യാപകമായ മരണം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ പൊലീസ് നടത്തിയ റെയിഡുകളിൽ 19 പേരെ അറസ്റ്റ് ചെയ്യുകയും 3,000 മദ്യക്കുപ്പികൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. പിടിച്ചെടുത്തവ ഫോറൻസിക് പരിശോധനയ്ക്കായി ഗുവാഹത്തിയിലേക്ക് അയച്ചിട്ടുണ്ട്.