കര്‍ണൂല്‍: ഹൈദരാബാദില്‍ നിന്നും ബെംഗളൂരുവിലേക്ക് പോയ ബസിന് തീപിടിച്ചുണ്ടായ അപകടത്തില്‍ മരണ സംഖ്യ ഉയരുന്നു. ആന്ധ്രപ്രദേശിലെ കര്‍ണൂല്‍ സിറ്റിക്ക് സമീപത്തുവെച്ചാണ് അപകടമുണ്ടായത്. നാല്‍പ്പത്തിനാല് പേരാണ് ബസിലുണ്ടായിരുന്നത്. ഇരുപത് പേരുടെ മരണം സ്ഥിരീകരിച്ചു. ദേശീയപാത 44 ല്‍ പുലര്‍ച്ചെ 3.30 ഓടെയായിരുന്നു അപകടം.
അപകടം നടന്നത് എങ്ങനെ?
ബസ് മോട്ടോര്‍സൈക്കിളില്‍ ഇടിച്ചതിനു പിന്നാലെയാണ് വലിയ അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് ബസിന്റെ ഇടയില്‍ കുടുങ്ങി. ഇതിനിടയില്‍ ബസിന്റെ ഇന്ധന ടാങ്കില്‍ ബൈക്ക് ഉരഞ്ഞാണ് തീപിടിച്ചത്. തീ പെട്ടെന്ന് പടരുകയും ബസ് അഗ്നിഗോളമായി മാറുകയുമായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണം ബസിന്റെ വാതില്‍ അടഞ്ഞു പോകുകയും മിനുട്ടുകള്‍ക്കുള്ളില്‍ വാഹനം പൂര്‍ണമായും കത്തിനശിക്കുകയുമായിരുന്നു.
യാത്രക്കാരെല്ലാം ഉറങ്ങുന്ന സമയത്താണ് അപകടമുണ്ടായത് എന്നതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത്. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകുന്നതിനു മുമ്പ് തന്നെ തീ പൂര്‍ണമായും പടര്‍ന്നു കഴിഞ്ഞിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഉണര്‍ന്നവരാണ് ജനലുകള്‍ തകര്‍ത്ത് രക്ഷപ്പെട്ടത്. രക്ഷപ്പെട്ടവരെല്ലാം 25 നും 35 നും ഇടയില്‍ പ്രായമുള്ള യുവാക്കളാണ്. രണ്ട് ഡ്രൈവര്‍മാരും അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടിട്ടുണ്ട്.
അപകടം നടന്നതിനു പിന്നാലെ ഡ്രൈവര്‍മാര്‍ ഓടി രക്ഷപ്പെട്ടു. ഇവര്‍ക്കായുള്ള തിരച്ചില്‍ പൊലീസ് തുടരുകയാണ്. അപകടം നടന്നയുടനെ ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഫയര്‍ഫോഴ്‌സും പൊലീസും എത്തുന്നതിനു മുമ്പ് തന്നെ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. കര്‍ണൂലില്‍ നിന്ന് നാല് ഫയര്‍ എഞ്ചിന്‍ എത്തിയാണ് തീയണച്ചത്. ഈ സമയത്തേക്ക് ബസ് പൂര്‍ണമായും കത്തിനശിച്ചിരുന്നു.
പരിക്കേറ്റവരെ കര്‍ണൂല്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. യാത്രക്കാരില്‍ ഭൂരിഭാഗവും ഹൈദരാബാദ് സ്വദേശികളാണെന്നാണ് റിപ്പോര്‍ട്ട്. പൂര്‍ണമായും കത്തിയമര്‍ന്ന ബസില്‍ നിന്നും മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന വേണ്ടി വരും.