Prime Minister Narendra Modi  Image: ANI
NATIONAL

2029 ലെ പൊതു തെരഞ്ഞെടുപ്പില്‍ വനിതാ സംവരണം; നടപ്പാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മണ്ഡല പുനനിര്‍ണയത്തിന് ശേഷം മാത്രമേ വനിതാ സംവരണം നടപ്പാക്കൂ എന്നാണ് ബില്ലിലെ വ്യവസ്ഥ

Author : ന്യൂസ് ഡെസ്ക്

2029 ലെ പൊതു തെരഞ്ഞെടുപ്പില്‍ 33 ശതമാനം വനിതാ സംവരണം നടപ്പാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ദേശീയ രാഷ്ട്രീയത്തില്‍ സ്ത്രീ പ്രാതിനിധ്യം വര്‍ധിപ്പിക്കുന്നതിനായി കൊണ്ടുവന്ന നാരി ശക്തി വന്ദന്‍ നിയമം പാസാക്കിയതിനെ തുടര്‍ന്നാണ് നീക്കം.

മണ്ഡല പുനനിര്‍ണയത്തിന് ശേഷം മാത്രമേ വനിതാ സംവരണം നടപ്പാക്കൂ എന്നാണ് ബില്ലിലെ വ്യവസ്ഥ.

2023 ലാണ് വനിതാ സംവരണ ബില്‍ അവതരിപ്പിച്ചത്. പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ആദ്യ ബില്ലായിട്ടായിരുന്നു അവതരണം. വനിതാ സംവരണം നിലവില്‍ വന്നാല്‍ ലോക്സഭയിലെ വനിതാ എംപിമാരുടെ എണ്ണം 82ല്‍ നിന്ന് 181 ആയി ഉയരുമെന്നായിരുന്നു ബില്‍ അവതരിപ്പിച്ചു കൊണ്ട് നിയമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ പറഞ്ഞത്.

നിയമനിര്‍മാണ സഭകളിലേക്കുള്ള തിരഞ്ഞെടുപ്പുകളില്‍ മൂന്നിലൊന്ന് സീറ്റില്‍ സ്ത്രീകള്‍ക്ക് സംവരണം ഉറപ്പാക്കുന്നതാണ് വനിതാ സംവരണബില്‍. ഇതോടെ ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ഉറപ്പാക്കും. ബില്‍ പ്രകാരം പട്ടിക ജാതി-വര്‍ഗ സംവരണ സീറ്റുകളിലും മൂന്നിലൊന്ന് സീറ്റ് ആ വിഭാഗങ്ങളില്‍നിന്നുള്ള സ്ത്രീകള്‍ക്കായി മാറ്റിവെക്കണം. ഈ സംവരണ സീറ്റുകള്‍ ചാക്രിക ക്രമത്തില്‍ മാറും. യു.പി.എ. ഭരണകാലത്ത് 2008-ല്‍ കൊണ്ടുവന്ന ബില്‍ 2010-ല്‍ രാജ്യസഭ പാസാക്കിയിരുന്നു. പിന്നീട് പത്തുവര്‍ഷത്തിലേറെയായിട്ടും ബില്‍ ലോക്‌സഭയില്‍ വന്നില്ല.

SCROLL FOR NEXT