ദിർധ് പട്ടേൽ (Image: X)  
NATIONAL

അഹമ്മദാബാദ് വിമാനാപകടം: കൊല്ലപ്പെട്ടവരില്‍ യുവ ക്രിക്കറ്റ് താരവും

വിമാനാപകടത്തില്‍ മരിച്ചവരുടെ ഡിഎന്‍എ പരിശോധന തുടരുകയാണ്

Author : ന്യൂസ് ഡെസ്ക്

അഹമ്മദാബാദ് വിമാനാപകടത്തില്‍ കൊല്ലപ്പെട്ടവരില്‍ യുവ ക്രിക്കറ്റ് താരവും. അപകടത്തില്‍പെട്ട എയര്‍ ഇന്ത്യ AI 171 വിമാനത്തിലുണ്ടായിരുന്ന 241 പേരില്‍ ഒരാള്‍ ദിര്‍ധ് പട്ടേല്‍ എന്ന 23 കാരനായിരുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ ദിര്‍ധ് ഐറിഡേല്‍-വാര്‍ഫെഡേല്‍ സീനിയര്‍ ക്രിക്കറ്റ് ലീഗിലെ താരമായിരുന്നു.

ലീഗിലെ ലീഡ്‌സ് മോഡേണിയന്‍സ് സിസി താരമായിരുന്നു ദിര്‍ധ് പട്ടേല്‍. ദിര്‍ധിന്റെ മരണത്തില്‍ ക്ലബ്ബ് അനുശോചനം രേഖപ്പെടുത്തി. 2024 ല്‍ ലീഡ്‌സ് മോഡേണിയന്‍സ് സിസിയുടെ വിദേശ കളിക്കാരനായിരുന്നു ദിര്‍ദ്. ഒന്നാം ഇലവനുവേണ്ടി 20 മത്സരങ്ങളില്‍ നിന്നായി ദിര്‍ധ് 312 റണ്‍സും 29 വിക്കറ്റുകളും നേടിയിരുന്നു.

ദിര്‍ധിന്റെ മരണത്തില്‍ അനുശോചിച്ച് വരാനിരിക്കുന്ന മത്സരങ്ങള്‍ക്ക് മുമ്പ് ഒരു മിനുട്ട് മൗനം ആചരിക്കുമെന്ന് ലീഡ്‌സ് മോഡേണിയന്‍സ് സ്ഥിരീകരിച്ചു. ഹഡേഴ്‌സ്ഫീല്‍ഡ് സര്‍വകലാശാലാ വിദ്യാര്‍ഥിയായിരുന്ന ദിര്‍ധ് എം.എസ്.സി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പൂര്‍ത്തിയാക്കിയിരുന്നു.

അതേസമയം, വിമാനാപകടത്തില്‍ മരിച്ചവരുടെ ഡിഎന്‍എ പരിശോധന തുടരുകയാണ്. 125 പേരുടെ മൃതദേഹം തിരിച്ചറിഞ്ഞതായി അധികൃതര്‍ അറിയിച്ചു. 83 പേരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ഫോറന്‍സിക് സയന്‍സ് ലബോറട്ടറി (FSL)യും നാഷണല്‍ ഫോറന്‍സിക് സയന്‍സ് യൂണിവേഴ്‌സിറ്റി (NFSU) യും ചേര്‍ന്നാണ് ഡിഎന്‍എ പരിശോധന നടത്തുന്നത്.

അപകടത്തില്‍ മരിച്ച മലയാളി രഞ്ജിതയുടെ മൃതദേഹം ഇന്ന് തിരിച്ചറിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് 1.39നാണ് രാജ്യത്തെ നടുക്കിയ വിമാനാപകടം നടന്നത്. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേക്ക് പറന്നുയര്‍ന്ന എയര്‍ ഇന്ത്യ വിമാനം ഏതാനും മിനുട്ടുകളില്‍ക്കുള്ളില്‍ കൂപ്പുകുത്തുകയായിരുന്നു. 265 പേരാണ് അപകടത്തില്‍ മരിച്ചത്. വിമാനത്തിലുണ്ടായിരുന്ന 242 പേരില്‍ ഒരാള്‍ ഒഴികെ മറ്റെല്ലാവരും കൊല്ലപ്പെട്ടുകയായിരുന്നു. വിമാനം മെഡിക്കല്‍ കോളേജ് മെസ്സിലേക്ക് ഇടിച്ചിറങ്ങിയതും മരണസംഖ്യ ഉയരാന്‍ കാരണമായി.

SCROLL FOR NEXT