ഓപ്പറേഷൻ സിന്ധുവിൻ്റെ ഭാഗമായി ഇറാനിൽ നിന്ന് 282 ഇന്ത്യക്കാർ കൂടി തിരികെയെത്തി Source: x/ Randhir Jaiswal
NATIONAL

ഓപ്പറേഷൻ സിന്ധു: ഇറാനിൽ തിരികെയെത്തിയ ഇന്ത്യക്കാരുടെ എണ്ണം 2,858 ആയി

ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷം രൂക്ഷമായിക്കൊണ്ടിരിക്കുന്നതിനിടെയാണ് കേന്ദ്രസർക്കാർ ഓപ്പറേഷൻ സിന്ധു ആരംഭിച്ചത്.

Author : ന്യൂസ് ഡെസ്ക്

ഓപ്പറേഷൻ സിന്ധുവിൻ്റെ ഭാഗമായി ഇറാനിൽ കുടുങ്ങിയ 282 ഇന്ത്യക്കാരെ വഹിച്ചുകൊണ്ടുള്ള പ്രത്യേക വിമാനം ഡൽഹിയിലെത്തി. ഇതോടെ തിരികെ എത്തിയവരുടെ എണ്ണം 2,858 ആയി. "ജൂൺ 25 ന് പുലർച്ചെ മഷാദിൽ നിന്ന് ന്യൂഡൽഹിയിൽ എത്തിയ പ്രത്യേക വിമാനത്തിൽ ഇറാനിൽ നിന്നുള്ള 282 ഇന്ത്യൻ പൗരന്മാരാണ് ഉണ്ടായിരുന്നത്. ഇതോടെ 2858 ഇന്ത്യൻ പൗരന്മാരെ ഇറാനിൽ നിന്ന് നാട്ടിലേക്ക് തിരികെ കൊണ്ടുവന്നു", വിദേശകാര്യ മന്ത്രാലയം എക്‌സ് പോസ്റ്റിൽ കുറിച്ചു.

ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷം രൂക്ഷമായിക്കൊണ്ടിരിക്കുന്നതിനിടെയാണ് കേന്ദ്രസർക്കാർ ഓപ്പറേഷൻ സിന്ധു ആരംഭിച്ചത്. രണ്ടാഴ്ചയായി മേഖലയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്. എന്നാൽ ഇന്നലെ ഉച്ചയോടെ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതോടുകൂടി നിലവിൽ ശാന്തമായ അന്തരീക്ഷമാണ് ഉള്ളത്.

തങ്ങളെ സുരക്ഷിതമായി തിരികെ എത്തിച്ചതിന് കേന്ദ്ര സർക്കാരിനോടും ഇറാനിലെ ഇന്ത്യൻ എംബസിയോടും ഇവർ നന്ദി പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. ഇറാനിലെ സ്ഥിതി താരതമ്യേന മെച്ചപ്പെട്ടിട്ടുണ്ട്. കുറച്ച് ദിവസങ്ങൾ മുന്നേയുള്ള സ്ഥിതി പ്രവചനാതീതമായിരുന്നു. എന്നിട്ടും തങ്ങൾക്ക് ഒരു ബുദ്ധിമുട്ടും നേരിടേണ്ടി വന്നില്ലെന്നും ആവശ്യമായ ക്രമീകരണങ്ങൾ ഇന്ത്യൻ എംബസി ചെയ്തുതന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

SCROLL FOR NEXT