NATIONAL

വിവാഹം ക്ഷണിക്കുന്നതിനിടയില്‍ ദുരന്തം; അമിത വേഗതയിലെത്തിയ ഔഡി കാര്‍ ഇടിച്ച് കുടുംബത്തിലെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

വീട്ടില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലെ വെച്ചായിരുന്നു അപകടം

Author : ന്യൂസ് ഡെസ്ക്

റേവ: മധ്യപ്രദേശില്‍ അമിത വേഗതയില്‍ വന്ന ഔഡി കാര്‍ ബൈക്കിലിടിച്ച് കുടുംബത്തിലെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. മധ്യപ്രദേശിലെ റേവ ജില്ലയില്‍ ഇന്നലെ വൈകിട്ടാണ് അപകടമുണ്ടായത്. ഭഗവത് വിശ്വകര്‍മ (55), ബന്ധു ശീതള്‍ വിശ്വകര്‍മ, ഭഗവതിന്റെ മകന്‍ ശിവം എന്നിവരാണ് മരിച്ചത്.

കുടുംബത്തില്‍ നടക്കാനിരിക്കുന്ന വിവാഹത്തിനായി ക്ഷണക്കത്ത് വിതരണം ചെയ്യുകയായിരുന്നു ഭഗവതും കുടുബംവും. ഫെബ്രുവരി 24 നായിരുന്നു വിവാഹം. റേവ-പ്രയാഗ് രാജ് ഹൈവേക്ക് സമീപമുള്ള കോസ്ത ഗ്രാമത്തിന് സമീപത്തു വെച്ചാണ് അപകടമുണ്ടായത്. വീട്ടില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലെ വെച്ചായിരുന്നു അപകടം.

പ്രയാഗ് രാജില്‍ നിന്നും എത്തിയ ഔഡി കാറാണ് അപകടമുണ്ടാക്കിയത്. അമിത വേഗതയിലെത്തിയ കാര്‍ ബൈക്കിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ബൈക്കിനെ ഇടിച്ചതിനു ശേഷം കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു. ഭഗവത് വിശ്വകര്‍മ സംഭവ സ്ഥലത്തു വെച്ചു തന്നെ മരണപ്പെട്ടു.

ഇടിയുടെ ആഘാതത്തില്‍ ബൈക്ക് പൂര്‍ണമായി തകര്‍ന്നു. കാര്‍ ഓടിച്ചയാളെ പൊലീസ് പിടികൂടിയിട്ടുണ്ട്.

SCROLL FOR NEXT