Image: X  
NATIONAL

മാരത്തണ്‍ ഇതിഹാസം ഫൗജ സിങ് കാറിടിച്ച് മരിച്ച സംഭവം; ഡ്രൈവര്‍ അറസ്റ്റില്‍

തിങ്കളാഴ്ചയാണ് ജലന്തറിലെ ബിയാസ് പിന്ദ് ഗ്രാമത്തില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ ഫൗജ സിങ് കാറിടിച്ച് മരിച്ചത്

Author : ന്യൂസ് ഡെസ്ക്

മാരത്തണ്‍ ഇതിഹാസം ഫൗജ സിങ് (114) കാറിടിച്ച് മരിച്ച സംഭവത്തില്‍ ഒരു അറസ്റ്റ്. ഫൗജ സിങ്ങിനെ ഇടിച്ച കാറിന്റെ ഡ്രൈവറെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പഞ്ചാബ് രജിസ്‌ട്രേഷനിലുള്ള ടൊയോട്ട ഫോര്‍ച്യൂണ്‍ കാറും പിടികൂടി. എന്‍ആര്‍ഐ ആയ അമൃത്പാല്‍ സിങ് ധില്ലോണ്‍ ആണ് അറസ്റ്റിലായത്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ജലന്തറിലെ ബിയാസ് പിന്ദ് ഗ്രാമത്തില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ ഫൗജ സിങ് കാറിടിച്ച് മരിച്ചത്. അപകടം നടന്ന് രണ്ട് ദിവസത്തിനു ശേഷമാണ് അറസ്റ്റ്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഫൗജ സിങ്ങിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

അറസ്റ്റിലായ അമൃത്പാല്‍ ജലന്ധറിലെ കര്‍താര്‍പൂറില്‍ നിന്നുള്ളയാണ്. കുടുംബത്തോടൊപ്പം കാനഡയിലാണ് താമസം. സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഒരാഴ്ച മുമ്പാണ് അമൃത്പാല്‍ ഇന്ത്യയിലെത്തിയത്.

1911 ഏപ്രില്‍ ഒന്നിന് പഞ്ചാബിലെ കര്‍ഷക കുടുംബത്തില്‍ ജനിച്ച ഫൗജ സിങ്ങിനെ 'തലപ്പാവ് അണിഞ്ഞ കൊടുങ്കാറ്റ്' എന്നാണ് വിശേഷിപ്പിക്കുന്നത്. തൊണ്ണൂറുകളില്‍ ഭാര്യയുടെ മരണത്തിനു ശേഷം ഫൗജ സിങ് ഇംഗ്ലണ്ടിലേക്ക് പോയി. 1994 ല്‍ മകന്റെ മരണത്തിനു ശേഷമാണ് അദ്ദേഹം ഓടിത്തുടങ്ങുന്നത്.

2000 ത്തില്‍ 89-ാം വയസ്സില്‍ ഐക്കോണിക് ലണ്ടന്‍ മാരത്തണില്‍ അരങ്ങേറ്റം കുറിച്ചു. തുടര്‍ന്ന് ടൊറന്റോ, ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലും മാരത്തണില്‍ പങ്കെടുത്തു. ഖുശ്വന്ത് സിങ് എഴുതിയ 'തലപ്പാവ് അണിഞ്ഞ ചുഴലിക്കാറ്റ്' എന്ന ഫൗജ സിങ്ങിന്റെ ജീവചരിത്രം പ്രസിദ്ധമാണ്.

2011 ല്‍ നൂറാം വയസില്‍ ടൊറന്റോയില്‍ മാരത്തണ്‍ നടത്തിയാണ് ഫൗജ ചരിത്രം സൃഷ്ടിച്ചത്. മാരത്തണ്‍ പൂര്‍ത്തിയാക്കിയ ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് ഫൗജ സിങ്. 2004ലെ ഏതന്‍സ് ഗെയിംസിലും 2012-ലെ ലണ്ടന്‍ ഒളിമ്പിക്‌സിലും ദീപശിഖ വഹിച്ചത് ഫൗജ സിങ് ആയിരുന്നു. 2013 ല്‍ 101 -ാം വയസിലാണ് അവസാന മാരത്തണ്‍ ഓടിയത്. ഹോങ്കോങ് മാരത്തണില്‍ 1 മണിക്കൂര്‍ 32 മിനുട്ട് 28 സെക്കന്റിലാണ് അദ്ദേഹം 10 കിലോമീറ്റര്‍ ഓട്ടം പൂര്‍ത്തിയാക്കിയത്.

SCROLL FOR NEXT