ഗുരുഗ്രാം: 32-ാം അവന്യൂ കൊമേഴ്‌സ്യൽ റിയൽ എസ്റ്റേറ്റ് പ്രോജക്റ്റിൻ്റെ സ്ഥാപകനും സിഇഒയുമായ ധ്രുവ് ദത്ത് ശർമ്മ 500 കോടിയുടെ തട്ടിപ്പ് കേസിൽ അറസ്റ്റിൽ. ഒറ്റ കെട്ടിടത്തിൻ്റെ ഒരു നില 25-ലധികം പേർക്ക് വിൽപന നടത്തി വഞ്ചിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. ഇയാളെ ആറു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു.
ഇത്തരത്തിൽ ധ്രുവ് ശർമ്മ വിവിധ ആളുകളിൽ നിന്ന് ഏകദേശം 500 കോടി രൂപ തട്ടിയെടുത്തതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ജനുവരിയിൽ ട്രാം വെഞ്ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ ഒരു പ്രതിനിധിയാണ് 32 മെൽസ്റ്റോൺ വിസ്റ്റാസ് പ്രൈവറ്റ് ലിമിറ്റഡിനെതിരെ പരാതി നൽകിയത്.
2021-ൽ സ്ഥാപനത്തിൻ്റെ ഡയറക്ടർമാരും ഓഹരി ഉടമകളും ട്രാം വെഞ്ച്വേഴ്‌സുമായി ബന്ധപ്പെടുകയും 32 മൈൽസ്റ്റോൺ കോംപ്ലക്‌സിൻ്റെ ഒന്നാം നിലയിലുള്ള 3000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഒരു യൂണിറ്റ് വിൽപ്പനയ്ക്ക് തയ്യാറാണെന്നും അറിയിക്കുകയായിരുന്നു. തുടർന്ന് 2.5 കോടി രൂപയ്ക്ക് ഇടപാട് നടന്നതായും ആ വർഷം സെപ്റ്റംബർ 21-ന് തുക കൈമാറിയതായും പരാതിയിൽ പറയുന്നു. എന്നാൽ പിന്നീട് അവർക്ക് ആവശ്യമായ രേഖകൾ ഒന്നും തന്നെ ലഭിച്ചില്ല.
തുടർന്ന് ട്രാം വെഞ്ച്വേഴ്‌സ് പരാതി നൽകുകയും അന്വേഷണത്തിൽ 2022 നും 2023 നും ഇടയിൽ മറ്റ് 25 പേരുടെ പേരുകളിൽ പ്രധാന രേഖകളിലൊന്ന് രജിസ്റ്റർ ചെയ്തതായി കണ്ടെത്തുകയും ചെയ്തു. ഇതിനെ തുടർന്നാണ് പൊലീസ് കേസ് ഫയൽ ചെയ്തത്.
കെട്ടിടത്തിൻ്റെ കൈമാറ്റ കരാർ തൻ്റെ പേരിൽ അല്ലെന്നും മറ്റ് 25 വ്യക്തികൾക്ക് വിറ്റുവെന്നും വെളിപ്പെടുത്തിയ ശർമ്മ 25 പേരിൽ നിന്നും അവരുടെ മറ്റൊരു സ്ഥാപനമായ ഗ്രോത്ത് ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡിൻ്റെ പേരിൽ 30 വർഷത്തേക്ക് ഇതേ നില വാടകയ്ക്കെടുത്തിട്ടുള്ളതായും വ്യക്തമാക്കി.