ന്യൂഡൽഹി: ഹരിയാനയിലെ ഫരീദാബാദിൽ നിന്ന് 350 കിലോ സ്ഫോടക വസ്തുക്കളും, ഒരു എകെ-47 റൈഫിളും , വെടിക്കോപ്പുകളും കണ്ടെടുത്ത് ജമ്മു കശ്മീർ പൊലീസ് . സംഭവത്തിൽ ജമ്മു കശ്മീർ സ്വദേശിയായ ഡോ. ആദിൽ അഹമ്മദ് റാത്തറിന് പങ്കുള്ളതായി സംശയിച്ച് പൊലീസ്. ശ്രീനഗറിൽ ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിനെ പിന്തുണയ്ക്കുന്ന പോസ്റ്ററുകൾ പതിച്ചതിന് ഉത്തർപ്രദേശിലെ സഹാറൻപൂരിൽ നിന്ന് ആദിലിനെ പൊലീസ് അറസ്റ്റ് ചെയ്തതിന് ദിവസങ്ങൾക്ക് ശേഷമാണ് വൻതോതിൽ ആയുധങ്ങൾ കണ്ടെടുത്തത്.
ചോദ്യം ചെയ്യലിൽ ഡോ. ആദിൽ അഹമ്മദ് റാത്തർ നടത്തിയ വെളിപ്പെടുത്തലുകളെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തെന്നും പൊലീസ് വ്യക്തമാക്കി. മുജാഹിൽ ഷക്കീൽ എന്ന മറ്റൊരു ഡോക്ടറുടെ പക്കൽ നിന്നാണ് സ്ഫോടകവസ്തുക്കളും ആയുധങ്ങളും കണ്ടെടുത്തത്.
350 കിലോഗ്രാം സ്ഫോടകവസ്തുക്കളോടൊപ്പം ടൈമറുകളും കണ്ടെത്തിയതായി ഫരീദാബാദ് പൊലീസ് കമ്മീഷണർ സതേന്ദർ കുമാർ ഗുപ്ത അറിയിച്ചു.
നേരത്തെ, അനന്ത്‌നാഗിലെ ഗവൺമെൻ്റ് മെഡിക്കൽ കോളേജിലെ റാത്തറിൻ്റെ ലോക്കറിൽ നിന്ന് ഒരു എകെ-47 റൈഫിളും വെടിയുണ്ടകളും പൊലീസ് പിടിച്ചെടുത്തിരുന്നു. തുടർന്ന് റാത്തറിനെതിരെ ആയുധ നിയമപ്രകാരവും നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമപ്രകാരവും കുറ്റം ചുമത്തിയിരുന്നു.
തലസ്ഥാനത്തിന് അടുത്ത് ഇത്രയും സ്ഫോടകവസ്തുക്കൾ ശേഖരിച്ചുവെച്ചതിന് പിന്നിലെ പദ്ധതി എന്താണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു. സുരക്ഷാ സംവിധാനങ്ങളുടെ ശ്രദ്ധയിൽ പെടാതെ തലസ്ഥാനത്തിന് ഇത്ര അടുത്തേക്ക് ഇത്ര വലിയ അളവിൽ സ്ഫോടകവസ്തുക്കൾ എങ്ങനെ മാറ്റി എന്നതും അന്വേഷിക്കുന്നുണ്ട്. സംഭവത്തിൽ, ശ്രീനഗർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.