പട്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ വരാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ എൻഡിഎ ക്യാമ്പിൽ ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ തുടങ്ങി. തെരഞ്ഞെടുപ്പിൽ വിജയം പ്രവചിക്കുന്ന എക്സിറ്റ് പോളുകളിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചാണ് എൻഡിഎയുടെ ആവേശം. പട്നയിൽ ലഡ്ഡുവിനും വമ്പിച്ച വിരുന്നിനുമുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.
ബിജെപി സംസ്ഥാന നിർവാഹക സമിതി അംഗം കൃഷ്ണ സിങ് കല്ലു ആണ് 500 കിലോഗ്രാം ലഡ്ഡുവിന് ഓർഡർ നൽകിയത്. 5 ലക്ഷം രസഗുള്ളയും ഓർഡർ ചെയ്തതായാണ് വിവരം. വലിയ പാചക പാത്രത്തിന് മുന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി നിതീഷ് കുമാറിന്റെയും ചിത്രങ്ങൾ വെച്ചാണ് ലഡു തയ്യാറാക്കുന്നത്.
ദൃഷ്ടിദോഷം അകറ്റാൻ സമീപത്ത് നാരങ്ങയും മുളകും തൂക്കിയിട്ടിട്ടുണ്ടെന്നും പ്രമേഹരോഗികളായ പ്രവർത്തകരെയും പരിഗണിച്ച് മധുരം കുറച്ചാണ് ലഡു തയ്യാറാക്കുന്നതെന്നും കൃഷ്ണ സിങ് കല്ലു പറഞ്ഞു. ബിഹാറിലെ ജനങ്ങളുടെയും ഞങ്ങളുടെ പാർട്ടി പ്രവർത്തകരുടെയും കഠിനാധ്വാനത്തിനുള്ള പ്രതിഫലമാണ് എക്സിറ്റ് പോൾ ഫലങ്ങളിൽ പ്രകടമവുന്നത്. ഇത്തവണയും എൻഡിഎ ജയിക്കുമെന്നും വീണ്ടും സർക്കാർ രൂപീകരിക്കുമെന്നും കൃഷ്ണ സിങ് കല്ലു പറഞ്ഞു. ഇതോടൊപ്പം അനന്ത് സിങ്ങിൻ്റെ കുടുംബാംഗങ്ങൾ പട്നയിൽ 50,000 പേർക്ക് സദ്യ നൽകുമെന്നും അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭാര്യ നീലം ദേവിയുടെ വസതിയിലാണ് ഒരുക്കങ്ങൾ നടക്കുന്നത്.
അഞ്ച് ലക്ഷം രസഗുളയും ഗുലാബ് ജാമുനും തയ്യാറാക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. മൊകാമ അസംബ്ലി ടീമും ഒരു പ്രത്യേക പരിപാടി ആസൂത്രണം ചെയ്യുന്നുണ്ട്. ഇതിലേക്ക് എല്ലാ എൻഡിഎ പ്രവർത്തകരെയും അനുഭാവികളെയും അഭ്യുദയകാംക്ഷികളെയും ക്ഷണിച്ചിട്ടുണ്ട്. പ്രവർത്തകർക്കും ക്ഷണക്കത്തുകൾ അയക്കുന്നുണ്ട്.