Defence PSU BDL Awards 57 Cr Single Tender to Ex-CMD Siddharth Mishra's Firm News Malayalam 24x7
NATIONAL

57 കോടിയുടെ മിസൈൽ ഉപകരണ കരാർ മുൻ ചെയര്‍മാൻ്റെ കമ്പനിക്ക് നല്‍കാന്‍ പ്രതിരോധ മേഖലയിലെ പൊതുമേഖലാ സ്ഥാപനം; വൻ ക്രമക്കേടെന്ന് റിപ്പോർട്ട്

മത്സര ടെൻഡറുകൾ പൂർണമായി ഒഴിവാക്കി ഹൈദരാബാദ് ആസ്ഥാനമായ 'ഐന്ദ്രി ഡിഫൻസ് അഡ്വൈസറി പ്രൈവറ്റ് ലിമിറ്റഡ്' എന്ന സ്വകാര്യ കമ്പനിക്ക് മാത്രമാണ് ബിഡിഎൽ ക്ഷണക്കത്ത് നൽകിയത്.

Author : ന്യൂസ് ഡെസ്ക്

ഡൽഹി: പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ഭാരത് ഡൈനാമിക്സ് ലിമിറ്റഡ് സൈന്യത്തിനായുള്ള മിസൈൽ ഉപകരണ നിർമ്മാണ കരാർ മുൻ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായിരുന്ന വ്യക്തിയും ഭാര്യയും ചേർന്ന് രൂപീകരിച്ച സ്വകാര്യ കമ്പനിക്ക് നൽകാൻ നീക്കം നടത്തുന്നതായി 'ദി ഇന്ത്യൻ എക്സ്പ്രസ്' അന്വേഷണ റിപ്പോർട്ട് . റഷ്യൻ സാങ്കേതികവിദ്യയിൽ ബിഡിഎൽ നിർമ്മിക്കുന്ന കോൺകുർസ്-എം ടാങ്ക് വിരുദ്ധ ഗൈഡഡ് മിസൈലുകൾക്ക് ആവശ്യമായ 300 ഒപ്റ്റിക്കൽ സൈറ്റുകൾ വാങ്ങുന്നതിനായി 2026 മെയ് മാസത്തിലാണ് ബിഡിഎൽ 'സിംഗിൾ ടെൻഡർ' വിളിച്ചത്.

മത്സര ടെൻഡറുകൾ പൂർണ്ണമായി ഒഴിവാക്കി ഹൈദരാബാദ് ആസ്ഥാനമായ 'ഐന്ദ്രി ഡിഫൻസ് അഡ്വൈസറി പ്രൈവറ്റ് ലിമിറ്റഡ്' എന്ന സ്വകാര്യ കമ്പനിക്ക് മാത്രമാണ് ബിഡിഎൽ ക്ഷണക്കത്ത് നൽകിയത്. 2019 മുതൽ 2023 മാർച്ച് വരെ ബിഡിഎല്ലിന്റെ സിഎംഡിയായിരുന്ന മുൻ നാവികസേനാ ഉദ്യോഗസ്ഥൻ സിദ്ധാർത്ഥ് മിശ്രയും ഭാര്യ ശാംഭവി മിശ്രയും ചേർന്ന് 2024 മെയ് മാസത്തിൽ രൂപീകരിച്ചതാണ് ഈ കമ്പനി. 56.8 കോടി രൂപയ്ക്ക് ഐന്ദ്രി ഡിഫൻസ് സമർപ്പിച്ച ടെൻഡർ ഗവൺമെന്റ് ഇ-മാർക്കറ്റ്‌പ്ലേസ് പോർട്ടലിലെ സാങ്കേതിക പരിശോധന പാസായിക്കഴിഞ്ഞു. ഇതിന്റെ സാമ്പത്തിക വിലയിരുത്തൽ നിലവിൽ പുരോഗമിക്കുകയാണ്.

ടെൻഡർ നിബന്ധനകളിൽ വരുത്തിയ അടിമുടി മാറ്റങ്ങളാണ് ദുരൂഹത വർദ്ധിപ്പിക്കുന്നത്. 2024-ലും 2025-ലും സമാനമായ ഒപ്റ്റിക്കൽ സൈറ്റുകൾക്കായി ബിഡിഎൽ ടെൻഡർ വിളിച്ചപ്പോൾ അത് പൊതുമേഖലാ പ്രതിരോധ സ്ഥാപനങ്ങൾക്കിടയിലുള്ള തുറന്ന ടെന്‍ഡര്‍ ആയിരുന്നു. പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള മിനിരത്‌ന പൊതുമേഖലാ സ്ഥാപനമായ 'ഇന്ത്യ ഒപ്റ്റെൽ ലിമിറ്റഡ്' ആയിരുന്നു അന്ന് ഈ കരാറുകൾ നേടിയത്. എന്നാൽ 2026-ലേക്ക് എത്തിയപ്പോൾ പൊതുമേഖലാ സ്ഥാപനങ്ങൾ തമ്മിലുള്ള മത്സരം പൂർണ്ണമായി ഒഴിവാക്കുകയും 'അടിയന്തര ആവശ്യമാണെന്ന്' വിചിത്രമായി വാദിച്ച് ഐന്ദ്രി ഡിഫൻസിന് മാത്രം കരാർ നൽകാന്‍ നീക്കം നടത്തുകയായിരുന്നു.

എന്നാൽ എന്താണ് ഈ അടിയന്തര സാഹചര്യമെന്ന് വ്യക്തമാക്കാൻ ബിഡിഎൽ തയ്യാറായിട്ടില്ല. കമ്പനിയിൽ നിലവിൽ ശാംഭവി മിശ്രയ്ക്ക് 95 ശതമാനവും കൗശികി നന്ദൻ വാത്സ്യായനയ്ക്ക് 5 ശതമാനവും ഓഹരികളാണുള്ളത്. 2025 ജനുവരിയിൽ കൊൽക്കത്തയിലെ നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിൽ ടെക്നിക്കൽ മെമ്പറായി നിയമിതനായതിനെത്തുടർന്ന് സിദ്ധാർത്ഥ് മിശ്ര ഡയറക്ടർ സ്ഥാനത്ത് നിന്ന് ഒഴിഞ്ഞെങ്കിലും ഭാര്യയുടെ പേരിലാണ് കമ്പനി പ്രവർത്തിക്കുന്നത്.

പർച്ചേസ് ഓർഡർ ലഭിച്ച് ഒരു മാസത്തിനകം 5 സാമ്പിളുകളും, പരിശോധനകൾ പൂർത്തിയായി 7 മാസത്തിനകം ബാക്കി 300 ഒപ്റ്റിക്കൽ സൈറ്റുകളും കുറഞ്ഞത് 15 വർഷത്തെ മെയിന്റനൻസ് സർവീസും നൽകണമെന്നാണ് വ്യവസ്ഥ. ഉയർന്ന പ്രതിരോധ കരാറുകളിൽ മുൻ ഉദ്യോഗസ്ഥർ വിരമിച്ച ശേഷം രൂപീകരിച്ച സ്വന്തം കമ്പനികൾക്ക് തന്നെ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി സിംഗിൾ ടെൻഡർ വഴി കോടികളുടെ കരാർ നൽകുന്നത് പ്രതിരോധ സംഭരണ ചട്ടങ്ങളുടെ കടുത്ത ലംഘനമാണെന്ന ആക്ഷേപമാണ് ഇതോടെ ശക്തമാകുന്നത്. സംഭവത്തിൽ ബിഡിഎല്ലോ, സിദ്ധാർത്ഥ് മിശ്രയോ, ഐന്ദ്രി ഡിഫൻസോ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.

SCROLL FOR NEXT