Source: x
NATIONAL

ഏഴ് കിലോമീറ്റർ ഗതാഗതക്കുരുക്ക്! തലസ്ഥാന നഗരിയിൽ വാഹനങ്ങൾ കുടുങ്ങിയത് മൂന്നുമണിക്കൂർ

ഭൂരിഭാഗം പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായതിനാൽ ഗതാഗതമേഖലയിൽ ഇത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്.

Author : ന്യൂസ് ഡെസ്ക്

ഡൽഹി: മഴ കനത്തതോടെ ഗതാഗതക്കുരുക്കിൽ വലഞ്ഞ് തലസ്ഥാനനഗരി. കഴിഞ്ഞ ദിവസം ശക്തമായ മഴ പെയ്തതതിനെത്തുടർന്ന് 7-8 കീമി വരെ ഗതാതഗക്കുരുക്ക് അനുഭവപ്പെട്ടു. ഏകദേശം മൂന്നുമണിക്കൂറാണ് ആളുകൾ റോഡിൽ വാഹനങ്ങളിൽ നിർത്തിയിട്ട് അതിൽ സമയം ചെലവഴിച്ചത്.

ഭൂരിഭാഗം പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായതിനാൽ ഗതാഗതമേഖലയിൽ ഇത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. മഴയും ഗതാഗതക്കുരുക്കും കാരണം ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം നിർദേശിച്ചിട്ടുണ്ട്. കൂടാതെ സ്കൂളുകളും ഇനി ഓൺലൈനായിട്ടാണ് പ്രവർത്തിക്കുക.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷം 100 മില്ലിമീറ്റർ മഴയാണ് നഗരത്തിൽ പെയ്തത്. മഴ കനത്തതിനാൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴ ഇനിയും കനക്കാൻ സാധ്യതയുള്ളതിനാൽ, സെപ്റ്റംബർ 5 വരെ എല്ലാ ഫീൽഡ് ഓഫീസർമാരും അവരുടെ ആസ്ഥാനങ്ങളിൽ തന്നെ തുടരാനും കർശന ജാഗ്രത പാലിക്കാനും ഹരിയാന സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.

മഴ കനക്കുന്നതിനാൽ തലസ്ഥാനനഗരം പ്രളയഭീതിയിലാണ്. ഡൽഹി, ഗുരുഗ്രാം, നോയിഡ പ്രദേശങ്ങളിൽ ഇന്നും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. നദികൾ കരകവിഞ്ഞതോടെ പല പ്രദേശങ്ങളിലും വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്നുണ്ട്. യമുനാ തീരത്ത് താമസിക്കുന്നവരോട് മാറി താമസിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. മെട്രൊ-വിമാന സർവീസുകൾ വൈകുമെന്ന് അധികൃതർ അറിയിച്ചു.

പല പ്രദേശങ്ങളിലും വെള്ളം കയറിയതിനാൽ ഗതാതഗക്കുരുക്കിനും കാരണമായി. റോഡുകളിൽ നീണ്ട ക്യൂവാണ് അനുഭവപ്പെട്ടത്. അണ്ടർ പാസുകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായതിനാൽ യാത്ര ദുഷ്‌കരമെന്ന് കാണിക്കുംവിധം യാത്രക്കാർ വീഡിയോ പങ്കുവെച്ചിരുന്നു.

SCROLL FOR NEXT