ഡൽഹി: എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള 81ഓളം വിമാനത്താവളങ്ങൾ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ നേരിട്ടത് വൻ നഷ്ടമെന്ന് റിപ്പോർട്ട്. കഴിഞ്ഞ പത്ത് വർഷത്തിനിടെ 10,852.9 കോടി രൂപയുടെ മൊത്തം നഷ്ടമാണ് ഈ 81ഓളം വിമാനത്താവളങ്ങൾക്ക് ഉണ്ടായത്.
ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത് ഡൽഹിയിലെ സഫ്ദർജംഗ് വിമാനത്താവളമാണ്. കോൺഗ്രസ് അംഗം ജെബി മേത്തർ ഉന്നയിച്ച ചോദ്യങ്ങൾക്ക് സിവിൽ ഏവിയേഷൻ സഹമന്ത്രി മുരളീധർ മൊഹോൾ രേഖാമൂലം നൽകിയ മറുപടിയിലാണ് ഇത് സംബന്ധിച്ച വിശദാംശങ്ങൾ ഉള്ളത്.
നിലവിൽ 162 വിമാനത്താവളങ്ങളാണ് രാജ്യത്തുള്ളത്. അതിൽ വലിയ നഷ്ടമുണ്ടായ 81 വിമാനത്താവളങ്ങളിൽ 22 എണ്ണം നിലവിൽ പ്രവർത്തനരഹിതമാണ്. മുസാഫർപൂർ, റക്സോൾ, തഞ്ചാവൂർ, വെല്ലൂർ, വാരങ്കൽ, മാൾഡ, അസാൻസോൾ, ബാലൂർഘട്ട് എന്നീ വിമാനത്താവളങ്ങൾ അതിൽ ഉൾപ്പെടും.
81 വിമാനത്താവളങ്ങളിൽ കർണാടകയിൽ നിന്നുള്ള ബെലാഗവി, ഹുബ്ബാലി, കലാബുർഗി, മൈസൂരു എന്നീ നാല് വിമാനത്താവളങ്ങളിൽ നിന്ന് മാത്രം 2015-16 മുതൽ 2024-25 വരെയുണ്ടായത് 560.26 കോടി രൂപയുടെ നഷ്ടമാണ്. കർണാടകയിലെ എയർപോർട്ടുകളിൽ പത്ത് വർഷത്തിനിടയിൽ ഏറ്റവും നഷ്ടമുണ്ടായത് ഹുബ്ബാലിയിലാണ്, 226.45 കോടിയാണ് ഇവിടെയുണ്ടായ നഷ്ടം. ബെലാഗവിയിൽ 212.24 കോടിയും കലാബുർഗിയിൽ 48.54 കോടിയും മൈസൂരുവിൽ 73.07 കോടിയും നഷ്ടമുണ്ടായി.
81 വിമാനത്താവളങ്ങളിൽ ഏറ്റവുമധികം നഷ്ടമുണ്ടായ സഫ്ദർജംഗിൽ 673.91 കോടി രൂപയുടെ നഷ്ടമുണ്ടായി. അഗർത്തലയിൽ 605.23 കോടിയും, ഹൈദരാബാദിൽ 564.97 കോടിയും, ഡെറാഡൂണിൽ 488.07 കോടിയും, വിജയവാഡയിൽ 483.69 കോടിയും നഷ്ടമുണ്ടായി. മറ്റ് വൻ നഷ്ടം നേരിട്ട വിമാനത്താവളങ്ങൾ ഭോപ്പാൽ (480.43 കോടി), ഔറംഗാബാദ് (447.83 കോടി), തിരുപ്പതി (363.71 കോടി), ഖജുരാഹോ (355.53 കോടി), ഇംഫാൽ (388.19 കോടി) എന്നിങ്ങനെയാണ്.