മുംബൈ: ലഡ്കി ബഹൻ യോജനയിൽ നിന്ന് 92 ലക്ഷം ഗുണഭോക്താക്കളെ മഹാരാഷ്ട്ര സർക്കാർ ഒഴിവാക്കി. സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിലും ഡിജിറ്റൽ ഓഡിറ്റിലും ഇവർ അയോഗ്യരാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സർക്കാർ നടപടി. എന്നാൽ ഒഴിവാക്കപ്പെട്ടവരിൽ 38 ശതമാനം പേരും അർഹതപ്പെട്ടവരാണെന്നാണ് റിപ്പോർട്ട്.
ഇ-കെവൈസി പൂർത്തിയാക്കുന്നതിൽ പരാജയപ്പെട്ടവരെയാണ് ഒഴിവാക്കിയിട്ടുള്ളത്. കുടുംബത്തിൻ്റെ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ കൂടുതലുള്ളവർ, സർക്കാർ ജീവനക്കാർ, ആദായനികുതി അടയ്ക്കുന്നവർ എന്നിവരെ ഒഴിവാക്കിയിട്ടുണ്ട്.
65 വയസ് പരിധി കഴിഞ്ഞവരും മറ്റ് പദ്ധതികളിൽ ഇതിനകം ആനുകൂല്യം പറ്റുന്നവരും പട്ടികയിൽ നിന്ന് പുറത്തായി. സ്ത്രീകൾക്കായുള്ള ഈ പദ്ധതിയിൽ വ്യാജമായി അപേക്ഷിച്ച 14,000-ത്തോളം പുരുഷന്മാരുടെ അപേക്ഷകളും തള്ളപ്പെട്ടു. സിഎജി റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിൽ പദ്ധതിയുടെ അമിതമായ സാമ്പത്തിക ബാധ്യത കുറയ്ക്കുന്നതിൻ്റെ ഭാഗമായാണ് ഈ നടപടി.
കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിൽ എൻഡിഎയുടെ വിജയത്തിൽ നിർണായകമായിരുന്നു ഈ പദ്ധതി.
എന്താണ് ലഡ്കി ബഹിൻ യോജന പദ്ധതി
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സ്ത്രീകൾക്ക് പ്രതിമാസം 1,500 രൂപ ധനസഹായം നൽകാനായി മഹാരാഷ്ട്ര സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണിത്. 21 നും 65 നും ഇടയിൽ പ്രായമുള്ള അർഹരായ സ്ത്രീകൾക്ക് ഈ തുക നേരിട്ട് ബാങ്ക് അക്കൗണ്ടിൽ എത്തും. വർഷത്തിൽ 18,000 രൂപ വരെ ലഭിക്കും.
മഹാരാഷ്ട്രയിലെ സ്ഥിരതാമസക്കാരായ 21 മുതൽ 65 വയസു വരെയുള്ള സ്ത്രീകൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. കുടുംബത്തിൻ്റെ വാർഷിക വരുമാനം 2.5 ലക്ഷത്തിൽ കവിയരുത്. സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യവും ആരോഗ്യവും മെച്ചപ്പെടുത്തുകയാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.