ഗ്യാനേഷ് കുമാർ Source: X
NATIONAL

'പീപ്പിൾ എഗെയിൻസ്റ്റ് എസ്ഐആർ!' ഗ്യാനേഷ് കുമാറിന്‍റെ രാജിക്കായി ഡല്‍ഹിയില്‍ ഇന്നും സംയുക്ത പ്രക്ഷോഭം; കര്‍ഷകരും സമരത്തിന്

വിദ്യാര്‍ഥി സംഘടനകളും തൊഴിലാളി സംഘടനകളും കര്‍ഷക സംഘടനകളും എസ്ഐആർ വിരുദ്ധ മുന്നണിയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തും

Author : ന്യൂസ് ഡെസ്ക്

ഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ഇന്നും ഡല്‍ഹിയില്‍ സംയുക്ത പ്രക്ഷോഭം നടക്കും. വിദ്യാര്‍ഥി സംഘടനകളും തൊഴിലാളി സംഘടനകളും കര്‍ഷക സംഘടനകളും എസ്ഐആർ വിരുദ്ധ മുന്നണിയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തും. ഉച്ചയോടെ പ്രതിഷേധം ആരംഭിക്കാനാണ് തീരുമാനം. സംയുക്ത കിസാന്‍ മോര്‍ച്ച പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്. ഐസയുടെ ദേശീയ പ്രസിഡന്റ് നേഹയടക്കം പ്രതിഷേധത്തിന് നേതൃത്വം നൽകും. കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍റെ ഭര്‍ത്താവും സാമ്പത്തിക വിദഗ്ധനുമായ പരകാല പ്രഭാകറും പ്രതിഷേധത്തില്‍ പങ്കെടുക്കും. നടന്‍ പ്രകാശ് രാജും പ്രശാന്ത് ഭൂഷണും ഇടത് സംഘടനകളും സംയുക്തമായി രൂപീകരിച്ച 'PEOPLE AGAINST SIR' എന്ന കൂട്ടായ്മയുടെ പേരിലാണ് ഇന്നത്തെ പ്രതിഷേധം. ജനാധിപത്യത്തെ തിരികെ പിടിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്.

സിജെപിയും കൂട്ടായ്മയുടെ ഭാഗമാണെങ്കിലും ഇന്നത്തെ പ്രതിഷേധത്തില്‍ നേതാക്കള്‍ പങ്കെടുക്കില്ല. ജാമ്യ ഉപാധിയായി സമാധാന ബോണ്ട് അടക്കം ഉള്ള സാഹചര്യത്തില്‍ ഇവരെ അറസ്റ്റ് ചെയ്യാന്‍ വീണ്ടും നീക്കം നടക്കുമെന്ന് കണ്ടാണ് സിജെപി താല്‍ക്കാലികമായി മാറി നില്‍ക്കാന്‍ തീരുമാനിച്ചത്. കര്‍ഷക സംഘടനകളും മാര്‍ച്ചിന്റെ ഭാഗമാകും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. കര്‍ഷക നേതാവായ രാകേഷ് ടിക്കായത്തും മാര്‍ച്ച് നയിക്കാന്‍ എത്തിച്ചേരുമെന്നാണ് വിവരം. കൂടാതെ മഹാത്മാ ഗാന്ധിയുടെ ചെറുമകനും എഴുത്തുകാരനുമായ തുഷാര്‍ ഗാന്ധിയും മാര്‍ച്ചില്‍ പങ്കെടുക്കുന്നുണ്ട്. അതേസമയം മാര്‍ച്ചിന് ഡല്‍ഹി പൊലീസ് ഇതുവരെ അനുമതി നല്‍കിയിട്ടില്ല. അതിനാല്‍ തന്നെ മാര്‍ച്ചിനെ നേരിടാനുള്ള സുരക്ഷാ സന്നാഹങ്ങള്‍ ഒരുക്കാനാകും ഡല്‍ഹി പൊലീസിന്റെ തീരുമാനം.

ഗ്യാനേഷ് കുമാറിന്റെ രാജിക്കായി ഇന്ന് കേരളത്തിലും വലിയ സമരമാണ് സംഘടിപ്പിക്കപ്പെടുന്നത്. ഉച്ചയോടെ ലോക്ഭവനിലേക്ക് ഇടത് വിദ്യാര്‍ത്ഥി സംഘടനകളുടെ സംയുക്ത മാര്‍ച്ച് സംഘടിപ്പിക്കും. എസ്എഫ്‌ഐ, എഐഎസ്എഫ്, കെഎസ്‌സി(എം), എസ്എസ്എഐ, എഐഡിഎസ്ഒ തുടങ്ങിയ ഇടത് വിദ്യാര്‍ത്ഥി സംഘടനകാളാണ് മാര്‍ച്ച് നടത്തുന്നത്. മാര്‍ച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുന്നത്. കൂടാതെ സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ രാജന്‍, എസ്എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് ആദര്‍ശ് എം സജി, എസ്യുസിഐ സെക്രട്ടറി ജെയ്‌സണ്‍ ജോസഫ് തുങ്ങിയവരും പങ്കെടുക്കുന്നുണ്ട്. വിവിധ ജില്ലകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ മാര്‍ച്ചില്‍ പങ്കാളികളാകും. വലിയ വിദ്യാര്‍ത്ഥി പങ്കാളിത്തമാണ് തലസ്ഥാനത്ത് പ്രതീക്ഷിക്കുന്നത്. അതേസമയം കേരള ഗവര്‍ണറായി ഓം പ്രകാശ് മാതൂര്‍ ചുമതല ഏല്‍ക്കുന്ന ദിവസമായ ഇന്ന് തന്നെയാണ് സമരം ശക്തമാകുന്നതെന്നതും പ്രധാനമാണ്.

SCROLL FOR NEXT