UP Man Gets Trapped In Leopard Cage Source: X
NATIONAL

കെണിവെച്ചത് പുലിയെ പിടിക്കാൻ; കുടുങ്ങിയത് ആടിനെ മോഷ്ടിക്കാനെത്തിയ ആൾ

രക്ഷപ്പെടാൻ കഴിയാതെ വന്നപ്പോൾ, സഹായത്തിനായി നിലവിളിക്കുകയും മൊബൈൽ ഫോൺ ഉപയോഗിച്ച് ഗ്രാമവാസികളെ ബന്ധപ്പെടുകയും ചെയ്തു.

Author : ന്യൂസ് ഡെസ്ക്

ലഖ്നൗ: ഉത്തർപ്രദേശിൽ പുലിയെ പിടിക്കാൻ സ്ഥാപിച്ച കൂട്ടിൽ ആടിനെ മോഷ്ടിക്കാൻ വന്നയാൾ കുടുങ്ങി. ബഹ്റെച്ച് ജില്ലയിൽ കതർനിയാഘട്ട് വന്യജീവി സങ്കേതത്തോട് ചേർന്നുള്ള ഉമ്രി ദഹാലോ ഗ്രാമത്തിലാണ് സംഭവം. പുലിയെ പിടികൂടാനായി കൂട്ടിൽ കെട്ടിയിട്ട ആടിനെ മോഷ്ടിക്കാനെത്തിയ പ്രദീപ് എന്നയാൾ കെണിയിൽ കുടുങ്ങുകയായിരുന്നു.

ഇയാൾ കൂടിനകത്ത് കയറിയതോടെ ഓട്ടോമാറ്റിക് വാതിൽ അടഞ്ഞു, ആടിനൊപ്പം അയാൾ അവിടെ കുടുങ്ങി. രക്ഷപ്പെടാൻ കഴിയാതെ വന്നപ്പോൾ, സഹായത്തിനായി നിലവിളിക്കുകയും മൊബൈൽ ഫോൺ ഉപയോഗിച്ച് ഗ്രാമവാസികളെ ബന്ധപ്പെടുകയും ചെയ്തു. തുടർന്നാണ് നാട്ടുകാരെത്തിയത്. പിന്നീട് വനം വകുപ്പിനേയും പൊലീസിനേയും വിവരമറിയിച്ചു.

ഇയാളെ പുറത്തെടുത്ത് ചോദ്യം ചെയ്തപ്പോൾ കൂട് ശരിയായി പ്രവർത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ അകത്തേക്ക് പോയതാണെന്നാണ് ആദ്യം പറഞ്ഞത്. മദ്യപിച്ച് പറ്റിപ്പോയതാണെന്നും മോഷ്ടിക്കാൻ വന്നതെല്ലെന്നും വിശദീകരിച്ചവരുണ്ട്. എന്നാൽ ആടിനെ മോഷ്ടിക്കാൻ വേണ്ടിയാണ് അയാൾ കൂട്ടിൽ കയറിയതെന്നാണ് ഭൂരിഭാഗം ഗ്രാമവാസികളും ആരോപിച്ചത്. സംഭവം ശരിയാണെന്നും, ആളെ കൂട്ടിൽ നിന്നും രക്ഷപ്പെടുത്തിയതായും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ രാം സിംഗ് യാദവ് സ്ഥിരീകരിച്ചു.

പ്രദീപിനെതിരെ കേസെടുത്തിട്ടില്ലെങ്കിലും കർശനമായ മുന്നറിയിപ്പ് നൽകി. കൂടിന്റെ ഗേറ്റ് വളരെ ഭാരമുള്ളതാണെന്നും അങ്ങനെ ആരെങ്കിലും അതിൽ പ്രവേശിക്കാൻ ശ്രമിച്ചാൽ ഗുരുതരമായ പരിക്കുകൾ സംഭവിച്ചേക്കാമെന്നും ഉദ്യോഗസ്ഥർ വിശദീകരിച്ചു. കഴിഞ്ഞ ബുധനാഴ്ച പ്രദേശത്ത് വന്യജീവി ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടതിനെത്തുടർന്നാണ് പുലിയെ പിടികൂടാൻ വനംവകുപ്പ് കൂട് സ്ഥാപിച്ചത്.

SCROLL FOR NEXT