NATIONAL

"ഞങ്ങളാണ് യഥാർഥ ടിഎംസി"; കൊൽക്കത്തയിലെ പാർട്ടി ആസ്ഥാനം പിടിച്ചെടുത്ത് ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിമതർ

തെരഞ്ഞെടുപ്പ് ചിഹ്നത്തിനുമുള്ള അവകാശവാദം ഉന്നയിച്ചതിന് പിന്നാലെയാണ് വിമത വിഭാഗത്തിന്‍റെ പുതിയ നീക്കം

Author : ന്യൂസ് ഡെസ്ക്

കൊൽക്കത്ത: തൃണമൂല്‍ കോൺഗ്രസിലെ ഭിന്നത രൂക്ഷമായി തുടരുന്നതിനിടെ കൊൽക്കത്തയിലുള്ള പാർട്ടിയുടെ പ്രധാന ആസ്ഥാനം പിടിച്ചെടുത്ത് ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗം. ഓഫീസ് കയ്യേറിയ സംഘം പുതിയ പോസ്റ്ററുകള്‍ പതിക്കുകയും പ്രധാന ഗേറ്റിന്‍റെ പൂട്ട് മാറ്റുകയും ചെയ്തു. തെരഞ്ഞെടുപ്പ് ചിഹ്നത്തിനുമുള്ള അവകാശവാദം ഉന്നയിച്ചതിന് പിന്നാലെയാണ് വിമത വിഭാഗത്തിന്‍റെ പുതിയ നീക്കം.

തങ്ങളുടെ വിഭാഗമാണ് യഥാർത്ഥ തൃണമൂൽ കോൺഗ്രസെന്നും ഇതാണ് തങ്ങളുടെ ആസ്ഥാനമെന്നും ഋതബ്രത ബാനർജി അവകാശപ്പെട്ടു. പാർട്ടി ചിഹ്നവും പേരും ഉപയോഗിക്കാനുള്ള നിയമപരമായ അവകാശം തങ്ങൾക്കാണെന്നാണ് ഇവരുടെ വാദം. ഭൂരിഭാഗം എംഎൽഎമാരുടെയും മുൻ കൗൺസിലർമാരുടെയും പിന്തുണ തങ്ങൾക്കുണ്ടെന്നും വിമതർ അവകാശവാദം ഉന്നയിക്കുന്നുണ്ട്. ഋതബ്രത ബാനർജിയും സംഘവും തെരഞ്ഞെടുപ്പ് കമ്മീഷനെ നേരിട്ട് കണ്ടതിന് പിന്നാലെയാണ് നടപടി.

എന്നാൽ ആസ്ഥാനം പിടിച്ചെടുത്തതിന് പിന്നിൽ സംസ്ഥാന ഭരണകൂടത്തിന്റെയും പൊലീസിന്റെയും നിശബ്ദ പിന്തുണയുണ്ടെന്നാണ് മമത ബാനർജി വിഭാ​ഗത്തിന്റെ ആരോപണം. ഈ ആരോപണങ്ങൾ വിമത വിഭാ​ഗം നിരസിക്കുകയും ചെയ്തു. അതേസമയം, പാർട്ടിയുടെ പേരും ഔദ്യോഗിക ചിഹ്നവും വ്യാജമായി ഉപയോഗിക്കുന്നുവെന്ന് ആരോപിച്ച് മമത ബാനർജിയുടെ വിശ്വസ്തയും നേതാവുമായ ഡോല സെൻ വിമത എംഎൽഎമാർക്കെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

വ്യാജ രേഖകൾ ചമയ്ക്കൽ, ആളുമാറി പാർട്ടി പേര് ഉപയോഗിക്കൽ, അനധികൃത യോഗങ്ങൾ സംഘടിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ചാണ് പരാതി നൽകിയിരിക്കുന്നത്. മമത ബാനർജിയുടെ നേതൃത്വത്തിനാണ് ജനങ്ങൾ വോട്ട് നൽകിയതെന്നും ചില നേതാക്കളോ കൗൺസിലർമാരോ പാർട്ടി വിട്ടുപോയത് കൊണ്ട് പാർട്ടിയുടെ ജനപിന്തുണ കുറയില്ലെന്ന് ടിഎംസി എംപി മഹുവ മൊയ്ത്രയും വ്യക്തമാക്കി.

SCROLL FOR NEXT