Source: X
NATIONAL

ബെംഗളൂരുവിൽ വീടിനടുത്ത് കളിച്ചുകൊണ്ടിരുന്ന അഞ്ച് വയസുകാരനെ ഫുട്ബോൾ പോലെ തട്ടിത്തെറിപ്പിച്ച് യുവാവ്

നീവ് ജെയിൻ എന്ന കുട്ടി മറ്റ് കുട്ടികളോടൊപ്പം താമസസ്ഥലത്തിന് സമീപം കളിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു സംഭവം

Author : ന്യൂസ് ഡെസ്ക്

ബെംഗളൂരുവിലെ ത്യാഗരാജനഗറിൽ മുത്തശ്ശിയുടെ വീടിനടുത്ത് കളിച്ചുകൊണ്ടിരുന്ന അഞ്ച് വയസ്സുള്ള ആൺകുട്ടിയെ ആക്രമിച്ച് വഴിയാത്രക്കാരൻ. സംഭവത്തിൽ കുട്ടിയ്ക്ക് പരിക്കേറ്റു.

ഡിസംബർ 14 ന് ത്യാഗരാജനഗർ പ്രദേശത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. നീവ് ജെയിൻ എന്ന കുട്ടി മറ്റ് കുട്ടികളോടൊപ്പം താമസസ്ഥലത്തിന് സമീപം കളിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു സംഭവം. കുട്ടിയുടെ വീടിന് സമീപം താമസിക്കുന്നയാൾ റോഡിന് സൈഡിൽ നിൽക്കുകയായിരുന്ന കുട്ടിയെ ഫുട്ബോൾ തട്ടുന്നതു പോലെ കാലുകൊണ്ട് തട്ടിയെറിയുകയായിരുന്നു. റോഡിലേക്ക് തെറിച്ചു വീണ കുട്ടിയ്ക്ക് മുഖത്തും കൈകാലുകളിലും പരിക്കേറ്റു.

കുട്ടിയുടെ അമ്മ നൽകിയ പരാതി പ്രകാരം, അയൽവാസിയായ രഞ്ജൻ എന്നയാളാണ് അക്രമത്തിന് പിന്നിൽ. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. സംഭവ സമയത്ത് കുട്ടിയുടെ സമീപത്ത് മറ്റൊരു സ്ത്രീയും കുട്ടിയും നിൽക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

കുട്ടിയുടെ പുരികത്തിന് മുകളിൽ മുറിഞ്ഞതായും ചവിട്ടേറ്റ് കൈകളിലും കാലുകളിലും ചതവുണ്ടായതായും പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബെംഗളൂരു പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിൽ വിടുകയും ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.

SCROLL FOR NEXT