കർണാടകയിലെ ധർവാഡിൽ സർക്കാർ സ്‌കൂളിൽ നിന്നും രണ്ടു കുട്ടികളെ ബൈക്കിൽ കടത്തിക്കൊണ്ടു പോവാൻ ശ്രമിച്ച യുവാവ് പൊലീസ് പിടിയിൽ. കരീം മേസ്ത്രി എന്നയാളാണ് പൊലീസ് പിടിയിലായത്. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതിനിടെ ബൈക്ക് ആക്സിഡൻ്റായതോടെയാണ് ഇയാളെ പിടികൂടിയത്.
കർണാടകയിലെ സർക്കാർ പ്രൈമറി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥികളായ തൻവീർ ദോഡ്മാനി, ലക്ഷ്മി കരിയപ്പനവർ എന്നിവരെയാണ് ഇയാൾ ഉച്ചഭക്ഷണ സമയത്ത് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. ഇടവേളയ്ക്ക് ശേഷം കുട്ടികൾ തിരിച്ചെത്താതായതോടെയാണ് കുട്ടികളെ തട്ടിക്കൊണ്ടുപോയതായിരിക്കാമെന്ന് മാതാപിതാക്കളും അധ്യാപകരും സംശയിച്ചത്.
പരിശോധിച്ചപ്പോഴാണ് പ്രതി കുട്ടികളുമായി കടന്നുകളയുന്നത് ശ്രദ്ധയിൽ പെട്ടത്. ഇതിനെ തുടർന്ന് ലോക്കൽ പൊലീസ് സ്ഥലത്തെത്തി തെരച്ചിൽ ആരംഭിച്ചു. പിന്നീട് ദണ്ടേലിക്ക് സമീപം പ്രതിയുടെ ബൈക്ക് അപകടത്തിൽ പെടുകയായിരുന്നു. അപകടത്തെക്കുറിച്ചുള്ള വിവരം ലഭിച്ചതിനെത്തുടർന്ന് ദണ്ടേലി പൊലീസ് സ്ഥലത്തെത്തിയപ്പോഴാണ് പരിക്കേറ്റ ആളോടൊപ്പം രണ്ട് കുട്ടികളെയും കണ്ടെത്തിയത്. പിന്നീട് നടന്ന പ്രാഥമിക അന്വേഷണത്തിലാണ് ഉലവി ചെന്നബസവേശ്വര ജാത്രയിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് കുട്ടികളെ തട്ടിക്കൊണ്ടു വന്നതായി പ്രതി പൊലീസിനോട് സമ്മതിച്ചത്.
അപകടത്തിൽ നിന്ന് രക്ഷപ്പെടുത്തിയ കുട്ടികളെ സുരക്ഷിതമായി മാതാപിതാക്കളുടെ അടുത്തേക്ക് തിരിച്ചയച്ചു.പരിക്കേറ്റ പ്രതിയെ ചികിത്സയ്ക്കായി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.