പഞ്ചാബ് വോട്ടര്‍ പട്ടികയില്‍ നിന്നൊഴിവാക്കിയ പേര് ഡൽഹി വോട്ടർ പട്ടികയിൽ ഉള്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട ആം ആദ്മി പാര്‍ട്ടി വിമര്‍ശനങ്ങളെ പരിഹസിച്ച് രാജ്യസഭാ എംപി രാഘവ് ഛദ്ദ. ആപ്പ് പെരുമാറുന്നത് എക്സ് ഗേള്‍ഫ്രണ്ടിനെ പോലെയാണ്. വേര്‍പിരിഞ്ഞിട്ടും എന്നെ മാത്രം സ്വപ്നം കാണുന്നു... എന്റെ പേര് പേര് വിളിക്കുന്നു... ഞാന്‍ കാരണം അവര്‍ ഞരമ്പ് മുറിച്ചേക്കുമെന്നും രാഘവ് ഛദ്ദ പറഞ്ഞു. ഡല്‍ഹി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്ത പ്രക്രിയയില്‍ വ്യക്തത വേണമെന്ന് ആപ്പ് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ഛദ്ദയുടെ പ്രതികരണം.
എസ്ഐആര്‍ നടപടികള്‍ക്കിടെ പഞ്ചാബ് വോട്ടർ പട്ടികയിൽ നിന്നൊഴിവാക്കിയ രാഘവ് ചദ്ദയുടെ പേര് ഡൽഹി വോട്ടർ പട്ടികയിൽ ചേർത്തതിനെയാണ് ആപ്പ് ചോദ്യം ചെയ്തത്. വോട്ടർ പട്ടിക പുതുക്കലിനുള്ള നടപടിക്രമങ്ങളിലൂടെയാണ് ഛദ്ദയുടെ പേര് ഡൽഹിയിലെ പട്ടികയിൽ ചേർത്തതെന്നാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വിശദീകരണം. എന്നാല്‍, പുതിയ വോട്ടര്‍ രജിസ്ട്രേഷനായുള്ള ഫോം 6 ഛദ്ദ എപ്പോള്‍, എവിടെയാണ് ഫയല്‍ ചെയ്തതെന്ന് കമ്മീഷന്‍ വ്യക്തമാക്കണം എന്നായിരുന്നു ആപ്പ് മാധ്യമവിഭാഗം ചുമതലയുള്ള അനുരാഗ് ധണ്ട ആവശ്യപ്പെട്ടത്. ഫോം 6, ഫോം 7 അല്ലെങ്കിൽ ഫോം 8 വഴി വോട്ടർ പട്ടികയിൽ പേര് ചേർക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്. രാഘവ് ഛദ്ദ അത് ചെയ്തിട്ടുണ്ടെങ്കില്‍ എപ്പോൾ, എവിടെ ഫയൽ ചെയ്തുവെന്ന് കമ്മീഷൻ വ്യക്തമാക്കണം. രാജേന്ദ്ര നഗർ നിയമസഭാ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പേര് ഉൾപ്പെടുത്തിയത്.മണ്ഡലത്തിലെ രേഖകളില്‍, സെപ്റ്റംബർ ഒന്നിനും ഏഴിനും ഇടയിൽ ലഭിച്ച ഫോം 6 അപേക്ഷകളിൽ ഛദ്ദയുടെ പേര് ഉള്‍പ്പെടുന്നില്ലെന്നും അനുരാഗ് ധണ്ട ചൂണ്ടിക്കാട്ടി.
ആപ്പ് ആരോപണങ്ങൾ തള്ളിയ ഛദ്ദ, തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗനിർദേശങ്ങള്‍ പാലിച്ചാണ് അപേക്ഷ നൽകിയതെന്ന് വ്യക്തമാക്കി. പാർട്ടി വിട്ടതുമുതൽ ആപ്പും അരവിന്ദ് കെജ്‌രിവാളും രാഷ്ട്രീയമായി നിരന്തരം വേട്ടയാടുകയാണ്. വോട്ടർ പട്ടികയെയും പാർട്ടിയുടെ അംഗത്വ പട്ടികയെയും ആപ്പ് ഒന്നായാണ് കാണുന്നത്. തങ്ങളെ എതിർക്കുന്നവരെ വോട്ടര്‍ പട്ടികയിൽ നിന്ന് പുറത്താക്കാനാണ് ആപ്പ് ശ്രമിക്കുന്നതെന്നും ഛദ്ദ പ്രതികരിച്ചിരുന്നു.