ഉത്തരാഖണ്ഡ്: ഹരിദ്വാറിലെ മാനസാ ദേവി ക്ഷേത്രത്തില്‍ ക്ഷേത്രത്തിലെ തിക്കിലും തിരക്കിലും പെട്ട് ആറ് പേർ കൊല്ലപ്പെട്ടതിൽ പ്രതികരിച്ച് ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാൾ. അപകടകാരണം സിസ്റ്റത്തിൻ്റെ പരാജയമാണെന്ന് അരവിന്ദ് കെജ്‌രിവാൾ ആരോപിച്ചു.
തിക്കിലും തിരക്കിലും പെട്ടുണ്ടായ അപകടം എന്നതിലുപരി ഇത് സിസ്റ്റത്തിൻ്റെ പരാജയം കൊണ്ട് സംഭവിച്ചതാണ് എന്നാണ് അരവിന്ദ് കെജ്‌രിവാൾ പറഞ്ഞത്. മതപരമായ സ്ഥലങ്ങളിൽ ഉണ്ടാകുന്ന ഇത്തരം ഭയാനാകമായ സംഭവങ്ങൾ മാനേജ്മെൻ്റിലെ അവഗണനയെ തുറന്നുകാട്ടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്ഷേത്രത്തിലുണ്ടായ അപകടം അങ്ങേയറ്റം ദാരുണമാണെന്ന് എഎപിയുടെ മുതിർന്ന നേതാവ് മനീഷ് സിസോദിയ പറഞ്ഞു. അപകടത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടു. മരിച്ചവരുടെ ആത്മാക്കൾക്ക് ശാന്തി നേരുന്നു. അവരുടെ വിയോഗം താങ്ങാനുള്ള ശക്തി അവരുടെ കുടുംബത്തിന് ലഭിക്കട്ടേയെന്നും, പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
ഇന്ന് രാവിലെയോടെയാണ് അപകടം നടന്നത്. വൈദ്യുതി ലൈൻ നടപ്പാതയുടെ തിരക്കേറിയ ഭാഗത്തേക്ക് വീണതായി അഭ്യൂഹം പരന്നത് തീർഥാടകർക്കിടയിൽ പരിഭ്രാന്തി സൃഷ്ടിച്ചു. ഏകദേശം 35 ഓളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതിൽ ആറ് പേർ മരിച്ചെന്ന് സ്ഥിരീകരിച്ചിട്ടുണ്ട് എന്ന് എസ്എസ്‌പി പ്രേമന്ദ്ര സിങ് ദോബലിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. വൈദ്യുതാഘാതമേറ്റുവെന്ന് തെറ്റിദ്ധാരണ പരന്നതാണ് തിക്കിലും തിരക്കിലും കലാശിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.