NATIONAL

ഗംഗാ നദിയിൽ വച്ച് മദ്യപിക്കാൻ യുപി സർക്കാർ അനുമതി നൽകിയിട്ടുണ്ടോ? ബിജെപിക്കെതിരെ എഎപി

ഗംഗാ നദിയിൽ ബോട്ടിലിരുന്ന് ഒരാൾ മദ്യം കഴിക്കുന്നതും പശ്ചാത്തലത്തിൽ ഉച്ചത്തിൽ സംഗീതം മുഴങ്ങുന്നതുമായ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു

Author : ന്യൂസ് ഡെസ്ക്

ലഖ്‌നൗ: ഗംഗാ നദിയിൽ ബോട്ടിലിരുന്ന് യുവാക്കൾ മദ്യപിച്ച് ഡി ജെ പാർട്ടി നടത്തിയതിൽ വിമർശനവുമായി ആംആദ്മി പാർട്ടി. മദ്യപിക്കുന്നതിൻ്റെയും ഉച്ചത്തിലുള്ള ഡിജെ സംഗീതത്തിനൊപ്പം നൃത്തം ചെയ്യുന്നതിൻ്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിച്ചതോടെയാണ് വിമർശനങ്ങളുയർന്നത്.

ബോട്ടിലിരുന്ന് ഒരാൾ മദ്യം കഴിക്കുന്നതും പശ്ചാത്തലത്തിൽ ഉച്ചത്തിൽ സംഗീതം മുഴങ്ങുന്നതും വീഡിയോയിലുണ്ട്. "ഈ വീഡിയോ വാരണാസിയിൽ നിന്നുള്ളതാണെന്ന് പറയപ്പെടുന്നു. ഗംഗാ നദിയിലെ ഒരു വലിയ ബോട്ടിൽ ഡിജെ വയ്ക്കുകയും, മദ്യപിക്കുകയും വീഡിയോകൾ റെക്കോർഡ് ചെയ്യുകയും ചെയ്യുന്നത് കാണാം," വൈറൽ വീഡിയോ എഎപി എക്‌സിൽ പങ്കിവച്ചു.

"ചോദ്യം ഇതാണ്: ഗംഗാ നദിയിൽ ഇത്തരം മദ്യപാർട്ടികൾക്ക് ഉത്തർപ്രദേശ് സർക്കാരും വാരണാസി ഭരണകൂടവും ഔദ്യോഗികമായി അനുമതി നൽകിയിട്ടുണ്ടോ?" എന്നും ചോദ്യമുന്നയിച്ചു. അതേസമയം, വൈറൽ ക്ലിപ്പ് ശ്രദ്ധയിൽപ്പെട്ട വാരണാസി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ആഴ്ചകൾക്ക് മുൻപ് ഗംഗാനദിയിൽ ബോട്ടിൽ സംഘടിപ്പിച്ച ഇഫ്‌താർ വിരുന്നിൽ പങ്കെടുത്ത 14 മുസ്ലീം യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇഫ്‌താറിനിടയിൽ ഇവർ മാംസാഹാരം കഴിച്ചെന്നും മതവികാരം വ്രണപ്പെടുത്തിയെന്നും ആരോപിച്ച് ബിജെപി പ്രവർത്തകൻ നൽകിയ പരാതിയിലായിരുന്നു നടപടി.

SCROLL FOR NEXT