NATIONAL

തൃണമൂലില്‍ മമതയുടെ പിന്‍ഗാമി ആരെന്ന ചോദ്യത്തിന് ഉത്തരമാകുന്ന 38കാരന്‍; താര പ്രചാരകനായി മാറിയ അഭിഷേക് ബാനര്‍ജി

അഭിഷേകിനെ കാണാനും തീപ്പൊരി പ്രസംഗം കേള്‍ക്കാനും ജനക്കൂട്ടം മണിക്കൂറുകളോളമാണ് കാത്തുനില്‍ക്കുന്നത്.

Author : ന്യൂസ് ഡെസ്ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ രാഷ്ട്രീയത്തില്‍ മമത ബാനര്‍ജി കഴിഞ്ഞാല്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ കരുത്ത് ആരാണ്, ആരാണ് മമതയുടെ പിന്‍ഗാമി? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ബംഗാളിലെ തെരഞ്ഞെടുപ്പ് റാലികള്‍ നല്‍കുന്ന ഉത്തരമാണ് അഭിഷേക് ബാനര്‍ജി. ജനലക്ഷങ്ങളെ ആവേശത്തിലാഴ്ത്തുന്ന പ്രസംഗങ്ങളും സ്ത്രീ വോട്ടര്‍മാര്‍ക്കിടയിലുള്ള അസാമാന്യ സ്വാധീനവും അഭിഷേകിനെ തൃണമൂലിന്റെ സ്റ്റാര്‍ ക്യാംപെയ്‌നര്‍ ആക്കി മാറ്റിയിരിക്കുന്നു.

പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് ഗോദയില്‍ മമത ബാനര്‍ജി കഴിഞ്ഞാല്‍ ജനക്കൂട്ടത്തെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്നത് ആരാണെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരം മാത്രമാണ് ഉള്ളത്. അഭിഷേക് ബാനര്‍ജി. വെറുമൊരു രാഷ്ട്രീയ നേതാവ് എന്നതിലുപരി, ബംഗാളിലെ യുവാക്കളുടെയും സ്ത്രീകളുടെയും ഇടയില്‍ ഒരു ഹീറോ പരിവേഷമാണ് അഭിഷേകിനുള്ളത്. അഭിഷേകിനെ കാണാനും തീപ്പൊരി പ്രസംഗം കേള്‍ക്കാനും ജനക്കൂട്ടം മണിക്കൂറുകളോളമാണ് കാത്തുനില്‍ക്കുന്നത്.

തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്ത്രീ വോട്ടര്‍മാരിലുള്ള സ്വാധീനം തന്നെയാണ് അഭിഷേകിന്റെയും കരുത്ത്. മമതയ്ക്ക് ശേഷം തൃണമൂലിനെ നയിക്കാന്‍ മറ്റൊരാളില്ലെന്ന പ്രവര്‍ത്തകരുടെ വിശ്വാസത്തെ ജനക്കൂട്ടവും ശരിവെക്കുന്നു. തൃണമൂല്‍ യൂത്ത് കോണ്‍ഗ്രസിലൂടെ രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ച അഭിഷേകിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

38 വയസ്സുകാരനായ അഭിഷേകിന് ഈ തെരഞ്ഞെടുപ്പ് കേവലം ഒരു പോരാട്ടമല്ല, മറിച്ച് തന്റെ രാഷ്ട്രീയ ഭാവിയുടെ നിര്‍ണ്ണായക ഘട്ടം കൂടിയാണ്. തൃണമൂലിന്റെ സ്റ്റാര്‍ പ്രചാരകനായി നാടുനീളെ ഓടിനടക്കുന്ന അഭിഷേകിന്റെ കഠിനാധ്വാനം വോട്ടായി മാറും എന്ന് തൃണമൂല്‍ ഉറച്ച് വിശ്വസിക്കുന്നു. മമതയുടെ പിന്‍ഗാമിയെന്ന നിലയില്‍ അഭിഷേക് ബാനര്‍ജി നടത്തുന്ന പ്രവര്‍ത്തനം ബംഗാള്‍ രാഷ്ട്രീയത്തില്‍ ഉണ്ടാക്കുന്ന ചലനങ്ങള്‍ അഭിഷേകിന്റെ മാത്രമല്ല തൃണമൂലിന്റെയും ഭാവിയില്‍ നിര്‍ണായകമാകും.

SCROLL FOR NEXT