ഒഡീഷ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെ അപകടം. 500 ലേറെ പേർക്ക് പരിക്ക്. എട്ട് പേരുടെ നില ഗുരുതരമെന്നും റിപ്പോർട്ട്. തലധ്വജ രഥം വലിക്കാനായി ആളുകളെത്തിയതോടെയാണ് അപകടം നടന്നതെന്നാണ് സൂചന. ലക്ഷക്കണക്കിന് ആളുകൾ എത്തിച്ചേരുന്ന ഉത്സവമാണ് പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്ര.
മൂന്ന് വലിയ രഥങ്ങൾ വലിക്കുക എന്നതാണ് ഉത്സവത്തിൻ്റെ പ്രധാന ആചാരം. ഇതിൽ തലധ്വജ രഥം വലിക്കാനായി ഭക്തർ ഓടിയെത്തിയപ്പോഴാണ് അപകടം ഉണ്ടായത്. തിക്കിലും തിരക്കിലും പെട്ട് 500ലധികം ആളുകൾക്ക് പരിക്കേൽക്കുകയായിരുന്നു. മിക്കവാറും ആളുകളുടെ പരിക്ക് നിസാരമാണെങ്കിലും, എട്ട് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
രഥയാത്രയ്ക്കെത്തുന്ന വമ്പൻ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി, കേന്ദ്ര സായുധ പൊലീസ് സേനയുടെ (CAPF) എട്ട് സംഘങ്ങൾ ഉൾപ്പെടെ ഏകദേശം 10,000 ഉദ്യോഗസ്ഥരെ നഗരത്തിലുടനീളം വിന്യസിച്ചിരുന്നു.