ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ് രാജിവയ്ക്കുന്ന തിരുച്ചിറപ്പള്ളി മണ്ഡലത്തില്‍ നിന്നും ആര് മത്സരിക്കുമെന്ന ചര്‍ച്ചക്കിടെ നടനും സംവിധായകനുമായ രാഘവ ലോറന്‍സിന്റെ പേരും ഉയര്‍ന്ന് കേട്ടിരുന്നു. ഇതിന് പിന്നാലെ താന്‍ രാഷ്ട്രീയത്തിലേക്ക് എത്തുന്നു എന്നതിന്റെ സൂചന നല്‍കി താരം തന്നെ രംഗത്തെത്തിയിരിക്കുകയാണ്. അമ്മയ്‌ക്കൊപ്പമുള്ള എക്‌സ് പോസ്റ്റിലാണ് ചില സുപ്രധാന തീരുമാനങ്ങള്‍ എടുത്തേക്കുമെന്ന തരത്തില്‍ സൂചനകള്‍ നല്‍കുന്നത്.
'എല്ലാ മാധ്യമസുഹൃത്തുക്കളും എന്നെ വിളിച്ച് കാണാനും ഇപ്പോള്‍ ഉയര്‍ന്ന് കേള്‍ക്കുന്ന അഭ്യൂഹങ്ങളില്‍ പ്രതികരിക്കാനും ആവശ്യപ്പെടുന്നുണ്ട്. ഇപ്പോള്‍ അഭ്യൂഹങ്ങള്‍ വളര്‍ന്ന് ഞാന്‍ പ്രതികരിക്കേണ്ട സാഹചര്യമെത്തിയിരിക്കുന്നു. ഈ കുറിപ്പ് ഞാന്‍ ഇതാ നിങ്ങള്‍ക്കായി ഒപ്പം വയ്ക്കുകയാണ്. ഇപ്പോള്‍ ഞാന്‍ ബെന്‍സിന്റെ (സിനിമ) ഷൂട്ടിങ്ങ് തിരക്കിലാണ്. ഏപ്രില്‍ 10 ഓടെ ഷെഡ്യൂള്‍ അവസാനിക്കും. ജൂണ്‍ 11ന് 9.30ന് എന്റെ അമ്മയുടെ അനുഗ്രഹത്തോടെ ജീവിതത്തെ സംബന്ധിക്കുന്ന ഒരു സുപ്രധാന തീരുമാനം പ്രഖ്യാപിക്കും,' രാഘവ ലോറന്‍സ് പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പെരമ്പൂരില്‍ നിന്നും തിരുച്ചിറപ്പള്ളിയില്‍ നിന്നുമായിരുന്നു വിജയ് മത്സരിച്ചത്. രണ്ട് സീറ്റുകളിലും വിജയ് വിജയിക്കുകയും ചെയ്തു. തിരുച്ചിറപ്പള്ളിയില്‍ ഡിഎംകെ സ്ഥാനാര്‍ഥി ഇനിഗോ ഇരുദയാരജിനെ 27,416 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.
മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ വിജയ് തിരുച്ചിറപ്പള്ളിയിലെത്തി പൊതുയോഗത്തില്‍ പങ്കെടുത്തിരുന്നു. തിരുച്ചിറപ്പള്ളിയിലെ ജനങ്ങള്‍ക്ക് നന്ദി അര്‍പ്പിക്കുന്നതിന് വേണ്ടിയായിരുന്നു എത്തിയത്. വിജയ് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ ആദ്യമായി നടത്തുന്ന പൊതുയോഗം കൂടിയായിരുന്നു അത്. യോഗത്തില്‍വച്ച് തിരുച്ചിറപ്പള്ളിക്കാര്‍ക്ക് പ്രിയങ്കരനായ, അവരില്‍ ഒരാളെ തന്നെ നിര്‍ത്തുമെന്നായിരുന്നു വിജയ് പറഞ്ഞത്.