Source: Social Media
NATIONAL

രേവന്ത് റെഡ്ഡിക്കുള്ള ഐപിഎൽ ടിക്കറ്റുകൾ നടിയുടെ കൈയിൽ; തെലങ്കാനയിൽ വീണ്ടും വിവാദം

40000 രൂപയോളം വിലമതിക്കുന്ന പാസിൻ്റെ ചിത്രം നടി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്

Author : ന്യൂസ് ഡെസ്ക്

മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കുള്ള ഐപിഎൽ പാസുകൾ നടിയും ഇൻഫ്ലുവൻസറുമായ കുഷിത കല്ലാപുവിൻ്റെ കൈയിൽ കണ്ടതിനെ തുടർന്നുണ്ടായ വിവാദം തെലങ്കാനയിൽ ചൂടു പിടിക്കുന്നു. ഹൈദരാബാദിൽ വച്ച് ഇന്നലെ നടന്ന സൺറൈസേഴ്‌സ് ഹൈദെരാബാദും ചെന്നൈ സൂപ്പർ കിങ്‌സും തമ്മിലുള്ള ഐപിഎൽ മത്സരത്തിൻ്റെ കോംപ്ലിമെൻ്ററി ടിക്കറ്റുകളാണ് നടിയുടെ കൈയിൽ കണ്ടെത്തിയത്.

40000 രൂപയോളം വിലമതിക്കുന്ന പാസിൻ്റെ ചിത്രം നടി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ഇതിനെ തുടർന്നാണ് മുഖ്യമന്ത്രിക്ക് നൽകിയ ടിക്കറ്റുകൾ എങ്ങനെയാണ് നടിയുടെ കൈവശമെത്തിയതെന്ന ചർച്ച ഉയർന്നു വന്നത്. മുഖ്യമന്ത്രിയുടെ പേരും പാസുകളിൽ രേഖപ്പെടുത്തിയിരുന്നു. അതേസമയം, ആരാണ് ഈ ടിക്കറ്റുകൾ നടിയ്ക്ക് കൈമാറിയതെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസോ ഫ്രാഞ്ചൈസി മാനേജ്മെൻ്റോ ഇക്കാര്യത്തിൽ ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.

ഐപിഎൽ സംഘാടകർ സുരക്ഷാ ക്രമീകരണങ്ങൾക്കും ഏകോപനത്തിനുമായി മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നൽകുന്ന ടിക്കറ്റുകൾ ഉദ്യോഗസ്ഥരുടേയോ മറ്റുള്ളവരുടേയോ വ്യക്തിപരമായ ആവശ്യങ്ങൾക്കുപയോഗിക്കാൻ പാടില്ലെന്ന പ്രോട്ടോക്കോൾ നിലനിൽക്കെയാണ് പുതിയ സംഭവം. കൂടുതൽ ടിക്കറ്റുകൾ ആവശ്യപ്പെട്ട് എച്ച്സിഎ അധികൃതര്‍ സ്റ്റേഡിയത്തിലെ വെള്ളവും വൈദ്യുതിയും തടസപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായി നേരത്തെ പരാതി ഉയർന്നിരുന്നു. ഇതിൽ അന്വേഷണം നടക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പേരിലുള്ള ടിക്കറ്റുകൾ ദുരുപയോഗം ചെയ്യപ്പെട്ടിട്ടുള്ളത്.

തെലുങ്കു സിനിമകളിലൂടെയും വെബ് സീരീസുകളിലൂടെയും ശ്രദ്ധേയയായ കുഷിതയുടെ പേര് ഹൈദരാബാദിലെ ഒരു പബ്ബ് റെയ്ഡുമായി ബന്ധപ്പെട്ടും വിവാദങ്ങളിൽ ഇടംപിടിച്ചിരുന്നു.

SCROLL FOR NEXT