NATIONAL

കരൂര്‍ ദുരന്തം: രണ്ടാഴ്ചത്തെ രാഷ്ട്രീയ പര്യടനങ്ങള്‍ റദ്ദാക്കി വിജയ്

41 പേരാണ് കരൂരിൽ മരണപ്പെട്ടത്

Author : ന്യൂസ് ഡെസ്ക്

ചെന്നൈ: കരൂര്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ രാഷ്ട്രീയ പര്യടനം റദ്ദാക്കി തമിഴ് വെട്രി കഴകം. അടുത്ത രണ്ടാഴ്ചത്തെ രാഷ്ട്രീയ പൊതുയോഗങ്ങളാണ് റദ്ദാക്കിയത്. സോഷ്യല്‍മീഡിയയിലൂടെയാണ് പൊതുയോഗങ്ങള്‍ റദ്ദാക്കിയ വിവരം പാര്‍ട്ടി അറിയിച്ചത്.

സെപ്റ്റംബര്‍ ഇരുപത്തിയേഴിനാണ് കരൂരില്‍ വിജയ് യുടെ പൊതുപരിപാടിയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേര്‍ മരിച്ചത്. 39 പേര്‍ അപകടം നടന്ന ദിവസവും രണ്ട് പേര്‍ ചികിത്സയിലിരിക്കേ അടുത്ത ദിവസവുമായിരുന്നു മരിച്ചത്.

പതിനായിരം പേര്‍ പങ്കെടുക്കുമെന്ന പരിപാടിയില്‍ ഒരു ലക്ഷത്തിലധികം പേര്‍ പങ്കെടുത്തുവെന്നാണ് അനൗദ്യോഗിക കണക്കുകള്‍. അപകടത്തില്‍ ഗൂഢാലോചന ഉണ്ടെന്ന് ആരോപിച്ച് വിജയ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

അഞ്ചിടത്ത് റാലികള്‍ സംഘടിപ്പിച്ചപ്പോള്‍ കരൂരില്‍ മാത്രം എന്തുകൊണ്ട് അപകടമുണ്ടായി എന്നായിരുന്നു വിജയ് യുടെ ചോദ്യം. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പ്രതികാരം ചെയ്യുകയാണോ എന്നും സത്യം പുറത്തു വരണമെന്നുമായിരുന്നു വിജയ് ആവശ്യപ്പെട്ടത്.

അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് തമിഴ്‌നാട് സര്‍ക്കാര്‍ പത്ത് ലക്ഷം രൂപ വീതവും വിജയ് ഇരുപത് ലക്ഷം രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചിരുന്നു. പരിക്കേറ്റവരുടെ ചികിത്സയ്ക്കായി രണ്ട് ലക്ഷം രൂപ വീതവും വിജയ് പ്രഖ്യാപിച്ചിരുന്നു.

അപകടത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണത്തിനു ശേഷം നടപടി സ്വീകരിക്കുമെന്ന് എം.കെ. സ്റ്റാലിന്‍ വ്യക്തമാക്കിയിരുന്നു.

SCROLL FOR NEXT