പട്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് പിന്നാലെ എൻഡിഎയുടെ അടുത്ത ലക്ഷ്യം പശ്ചിമ ബംഗാളാണെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങ്. അരാജകത്വത്തിന്റെ ഒരു സർക്കാർ രൂപീകരിക്കില്ലെന്ന് ബിഹാർ തീരുമാനിച്ചിരുന്നു. ബിഹാറിലെ യുവാക്കൾ ബുദ്ധിമാൻമാരാണ്. ഇത് വികസനത്തിന്റെ വിജയമാണ്. നമ്മൾ ബിഹാർ ജയിച്ചു. ഇനി ബംഗാളിന്റെ ഊഴമാണ് എന്നും മന്ത്രി പറഞ്ഞു.
അഴിമതിയുടെയും, കൊള്ളയുടെയും ഒരു സർക്കാരിനെ ബിഹാർ അംഗീകരിക്കില്ല എന്ന് ആദ്യ ദിവസം മുതൽ വ്യക്തമായിരുന്നു. ആളുകൾ സമാധാനം, നീതി, വികസനം എന്നിവ തെരഞ്ഞെടുത്തു. തേജസ്വി യാദവ് സർക്കാരിൽ ഉണ്ടായിരുന്ന സമയത്ത് ക്രമക്കേട് നടത്താനുള്ള ശ്രമം നടത്തിയിരുന്നു. അത് ജനങ്ങൾ കണ്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിൽ 243 സീറ്റുകളിൽ 190 സീറ്റുകളിലും ബിജെപി നയിക്കുന്ന എൻഡിഎ ആണ് മുന്നിട്ട് നിൽക്കുന്നത്. തേജസ്വി യാദവിന്റെ ആർജെഡി നയിക്കുന്ന പ്രതിപക്ഷ മഹാസഖ്യത്തിന് നിലവിൽ 49 സീറ്റുകളിൽ മാത്രമാണ് നിലയുറപ്പിക്കാനായത്. പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് രണ്ട് സീറ്റുകളിലും മുന്നിലാണ്. ഭരണകക്ഷിയായ എൻഡിഎ സംസ്ഥാനത്ത് അധികാരം നിലനിർത്തുമെന്നും ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി ഉയർന്നുവരുമെന്നും എക്സിറ്റ് പോളുകൾ പ്രവചിച്ചിരുന്നു.