ശ്രീനഗർ: ജമ്മു കശ്മീരിലെ ഭരണകക്ഷിയായ നാഷണൽ കോൺഫറൻസിന് കനത്ത തിരിച്ചടി നൽകിക്കൊണ്ട് ശ്രീനഗർ ലോക്സഭാ എംപിയും പ്രമുഖ ഷിയാ നേതാവുമായ ആഗ സയ്യിദ് റൂഹുള്ള മെഹ്ദി പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും എംപി സ്ഥാനത്തുനിന്നും ഒദ്യോഗികമായി രാജിവച്ചു. മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള പാർട്ടി ജനങ്ങളെയും തങ്ങളെയും ഒരുപോലെ വഞ്ചിച്ചു എന്ന് ആരോപിച്ചാണ് ആഗ സയ്യിദ് റൂഹുള്ള മെഹ്ദി 24 വർഷത്തോളം നീണ്ട തൻ്റെ രാഷ്ട്രീയ ബന്ധം അവസാനിപ്പിച്ചത്.
റൂഹുള്ളയുടെ പിതാവിൻ്റെ 26-ാം ചരമവാർഷിക ദിനമായ ഇന്ന് ബഡ്ഗാമിൽ സംഘടിപ്പിച്ച വൻ പൊതുസമ്മേളനത്തിലാണ് നാടകീയമായ രാജി പ്രഖ്യാപനം. തൽക്കാലം മറ്റൊരു രാഷ്ട്രീയ പാർട്ടിയിലും ചേരാൻ ഉദേശമില്ലെന്നും, ജമ്മു കശ്മീരിലെ യുവാക്കളെ മുൻനിർത്തി പുതിയൊരു ജനകീയ കൂട്ടായ്മ രൂപീകരിക്കുമെന്നും റൂഹുള്ള സൂചന നൽകി.
കശ്മീരിൻ്റെ ഭരണഘടനാ അവകാശങ്ങൾ സംരക്ഷിക്കുമെന്നും, ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുമെന്നും, രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുമെന്നുമുള്ള 2024-ലെ നിയമസഭാ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ നിന്ന് പാർട്ടി അധികാരത്തിലെത്തിയ ഉടൻ പിന്നോട്ടുപോയെന്ന് റൂഹുള്ള കുറ്റപ്പെടുത്തി. റൂഹുള്ള രാജിയോടെ ഒമർ അബ്ദുള്ള സർക്കാർ കടുത്ത ഭരണപ്രതിസന്ധിയിലായിരിക്കുകയാണ്.
ഒക്ടോബർ 27-ലെ മന്ത്രിസഭാ പുനഃസംഘടനയെച്ചൊല്ലി പാർട്ടിക്കുള്ളിൽ രൂപപ്പെട്ട അതൃപ്തിയെത്തുടർന്ന് 25 ഓളം നാഷണൽ കോൺഫറൻസ് എംഎൽഎമാർ മുഖ്യമന്ത്രിക്കെതിരെ കലാപക്കൊടി ഉയർത്തിയിട്ടുണ്ട്. എട്ട് മന്ത്രിമാരെയും മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ഉപദേശകനായ നാസിർ അസ്ലം വാനിയെയും മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇവർ 14 ദിവസത്തെ അന്ത്യശാസനമാണ് ഒമർ അബ്ദുള്ളയ്ക്ക് നൽകിയിരിക്കുന്നത്. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സർക്കാരിനുള്ള പിന്തുണ പിൻവലിക്കുമെന്ന വിമതരുടെ ഭീഷണിക്ക് തൊട്ടുപിന്നാലെയാണ് എംപിയുടെ രാജിവെയ്ക്കൽ.