ചെന്നൈ: തമിഴ്നാട്ടിൽ ഭരണകക്ഷിയായ ടിവികെ, എംഎല്‍എമാരെ വിലക്കെടുക്കുന്നെന്ന് ആരോപിച്ച് ഡിഎംകെയും എഐഎഡിഎംകെയും ഗവർണറെ കണ്ടു. അധികാരവും പണവും വാഗ്ദാനം ചെയ്ത് എംഎല്‍എമാരെ സ്വാധീനിക്കാനുള്ള നീക്കത്തിൽ ഇടപെടണമെന്ന് ഇരു പാർട്ടികളും ആവശ്യപ്പെട്ടു. നാഗർകോവില്‍ എംഎൽഎ എസ് . ഓസ്റ്റിന് മന്ത്രിസ്ഥാനവും, വെപ്പനഹള്ളി എംഎൽഎ പി.എസ്. ശ്രീനിവാസന് 50 കോടിയും ബോർഡ് ചെയർമാന്‍ സ്ഥാനവും ഓഫർ ചെയ്തതായി ഡിഎംകെയുടെ പരാതിയില്‍ പറയുന്നു.
സിർകഴി, കടയനല്ലൂർ എംഎല്‍എമാരെ രാജി വെപ്പിച്ച് ടിവികെ സ്ഥാനാർഥികളായി മത്സരിപ്പിക്കാന്‍ മുഖ്യമന്ത്രി വിജയ് ശ്രമിച്ചതായും ഡിഎംകെ ആരോപിച്ചു. ആറ് എംഎല്‍എമാർ രാജി വെച്ച് ടിവികെയില്‍ ചേർന്നെന്നും മന്ത്രിസ്ഥാനവും പണവും ഓഫർ ചെയ്താണ് ഇവരെ ടിവികെയിലെത്തിച്ചതെന്നും എഐഎഡിഎംകെയും പരാതിപ്പെട്ടു.കഴിഞ്ഞദിവസം നാലു മുൻ മന്ത്രിമാർ അടക്കം എഐഎഡിഎംകെ നേതാക്കൾ കൂട്ടത്തോടെ ടിവികെയിൽ ചേർന്നിരുന്നു.
മുൻമന്ത്രിമാരായ സി വിജയഭാസ്കർ ,എം ആർ വിജയഭാസ്കർ ,എസ് വളർമതി ,എംഎസ്എം ആനന്ദൻ തുടങ്ങിയ നേതാക്കളാണ് ടിവികെയിൽ ചേർന്നത്. ഇതിൽ സി വിജയഭാസ്കറും എംആർ വിജയഭാസ്കറും എംഎൽഎ സ്ഥാനം രാജിവച്ചാണ് ടിവികെ അംഗത്വമെടുത്തത്.അഞ്ചു മുൻ എംഎൽഎമാരും, നാലു ജില്ലാ സെക്രട്ടറിമാരും ഇവർക്ക് ഒപ്പം ടിവികെയിൽ ചേർന്നു.
മഹാബലിപുരത്ത് നടന്ന ചടങ്ങിൽ മന്ത്രിമാരായ എൻ. ആനന്ദും ആധവ് അർജുനയും നേതാക്കളെ അംഗത്വം നൽകി സ്വീകരിച്ചു. അയ്യായിരത്തിൽ അധികം പ്രവർത്തകരും പ്രാദേശിക നേതാക്കളും ടിവികെയിൽ ചേർന്നതായി സി വിജയഭാസ്കർ അവകാശപ്പെട്ടു. അതേസമയം ടിവികെ കുതിരക്കച്ചവടം നടത്തുകയാണെന്ന ആരോപണവുമായി എഐഎഡിഎംകെയും രംഗത്തുവന്നിരുന്നു. തെരെഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാനാണ് എംപി ഇമ്പദുരൈയുടെ തീരുമാനം.