ജഗ്ദീപ് ധൻകഡ്, കെസി വേണുഗോപാൽ 
NATIONAL

ധന്‍ഗഡ് ആരുടെയും ഫോണ്‍ എടുക്കുന്നില്ല, ഉപരാഷ്ട്രപതിയുടെ രാജി അസാധാരണമെന്ന് കെ.സി. വേണുഗോപാല്‍

"ആരോഗ്യകാരണങ്ങളാണ് രാജിക്ക് പിന്നിലെന്ന് തോന്നുന്നില്ല. എന്താണ് പറയാനുള്ളതെന്ന് അദ്ദേഹം പറയുന്നത് വരെ കാത്തിരിക്കാം"

Author : ന്യൂസ് ഡെസ്ക്

പാര്‍ലമെന്റ് സമ്മേളനം വിളിച്ച ദിവസം തന്നെ ഉപരാഷ്ട്രപതി രാജിവെച്ച നടപടി അസാധാരണ സംഭവമെന്ന് ഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. ചരിത്രത്തില്‍ ആദ്യമായാണ് കാലാവധിക്ക് മുന്‍പ് ഉപരാഷ്ട്രപതി രാജി വെക്കുന്നത്. എന്താണ് സംഭവിക്കുന്നതെന്ന് ബോധ്യപ്പെടാത്ത അവസ്ഥയാണെന്നും ധന്‍ഗഡ് ആരുടെയും ഫോണ്‍ എടുക്കുന്നില്ലെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.

ആരോഗ്യ കാരണങ്ങളാണ് രാജിക്ക് പിന്നിലെന്ന് തോന്നുന്നില്ല. അദ്ദേഹത്തിന് എന്താണ് പറയാനുള്ളതെന്ന് അദ്ദേഹം പറയുന്നത് വരെ കാത്തിരിക്കാമെന്നും കെ.സി. വേണുഗോപാല്‍ പ്രതികരിച്ചു. അതേസമയം, ജഗ്ദീപ് ധന്‍ഗഡിന്റെ രാജി രാഷ്ട്രപതി സ്വീകരിച്ചു.

കേന്ദ്ര സര്‍ക്കാരില്‍ നിന്നുള്ള ഒരു ഫോണ്‍ കോള്‍ ഉപരാഷ്ട്രപതിക്ക് വന്നതായും, തുടര്‍ന്ന് മറ്റു മാര്‍ഗമൊന്നുമില്ലാതെയാണ് ഉപരാഷ്ട്രപതി രാജിവെച്ചതെന്നും ചില വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആരോഗ്യപരമായ കാരണങ്ങളാലാണ് രാജിവെച്ചതെന്ന പ്രസ്താവനയിലൂടെ സര്‍ക്കാര്‍ പിന്തുണയോടെ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന്റെ നാണക്കേടില്‍ നിന്ന് ജഗ്ദീപ് ധന്‍ഗഡ് രക്ഷപ്പെട്ടിരിക്കാമെന്നും വൃത്തങ്ങള്‍ സൂചിപ്പിച്ചു.

ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജിവെച്ചതെന്നായിരുന്നു ധന്‍ഗഡ് പ്രഖ്യാപിച്ചത്. തന്റെ ചുമതല നല്ല രീതിയില്‍ നിര്‍വഹിക്കാന്‍ സഹായിച്ച പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും നന്ദിയെന്ന് രാജിക്കത്തില്‍ അദ്ദേഹം പരാമര്‍ശിച്ചു. അഭിമാനത്തോടെയാണ് തന്റെ പടിയിറക്കമെന്നും രാജ്യം കൈവരിച്ച പുരോഗതിയില്‍ അഭിമാനമുണ്ടെന്നും ജഗ്ധീപ് ധന്‍കര്‍ പ്രതികരിച്ചു. ഭാരതത്തിന്റെ ഭാവിയില്‍ വലിയ ആത്മവിശ്വാസം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

SCROLL FOR NEXT