ബെംഗളൂരുവില്‍ നിന്ന് വാരണാസിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ കോക്പിറ്റില്‍ കയറി യാത്രക്കാരന്‍. തിങ്കളാഴ്ചയാണ് സംഭവം. ശുചിമുറിയെന്ന് തെറ്റിദ്ധരിച്ചാണ് കോക്ക്പിറ്റില്‍ കയറിയതെന്നാണ് ഇയാള്‍ നല്‍കുന്ന വിശദീകരണം.
സംഭവത്തില്‍ എയര്‍ ഇന്ത്യ പ്രസ്താവന പുറപ്പെടുവിക്കുകയും ചെയ്തു. യാത്രക്കാരന്‍ ആദ്യമായാണ് വിമാനത്തില്‍ കയറുന്നതെന്നും എയര്‍ ഇന്ത്യയുടെ പ്രസ്താവനയിൽ പറയുന്നു. അതേസമയം ഇയാളെയും കൂടെയുണ്ടായിരുന്ന എട്ട് പേരെയും സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുത്തിരുന്നു.
വിമാനം വാരണാസിയിലെത്തിയതിന് ശേഷമാണ് യാത്രക്കാരന്‍ കോക്പിറ്റിന് സമീപത്തെത്തി കോക്പിറ്റിലേക്ക് കയറാന്‍ ശ്രമിച്ചത്. ഉടന്‍ തന്നെ വിമാനത്തിലെ ജീവനക്കാര്‍ ഇയാളെ തടയുകയായിരുന്നു. അതേസമയം സംഭവത്തില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് അന്വേഷണ സംഘം പറഞ്ഞു.
'കോക്പിറ്റ് തുറക്കാന്‍ ശ്രമിച്ചയാത്രക്കാരന്‍ ആദ്യമായി വിമാനത്തില്‍ കയറുന്ന ആളാണ്. ശുചിമുറിയുടെ വാതിലാണെന്ന് കരുതി അബദ്ധവശാല്‍ തുറക്കാന്‍ ശ്രമിച്ചതാണെന്നാണ് അയാള്‍ മറുപടി നല്‍കിയത്. എന്നാല്‍ കോക്പിറ്റാണ് തുറക്കാന്‍ ശ്രമിക്കുന്നതെന്ന് പറഞ്ഞതോടെ അയാള്‍ ഉടന്‍ തന്നെ അവിടെ നിന്നും മാറി,' അധികൃതര്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു. പിന്നാലെയാണ് അയാളെ സിഐഎസ്എഫിന് കൈമാറിയത്.
എല്ലാ വിമാനങ്ങളുടെയും കോക്പിറ്റ് ഡോറുകള്‍ പാസ്‌വേര്‍ഡ് ഉപയോഗിച്ച് സുരക്ഷിതമാക്കിയിട്ടുണ്ട്. ഇത് ക്യാപ്റ്റനും ജീവനക്കാര്‍ക്കും മാത്രം അറിയാവുന്ന കാര്യമാണ്. അകത്തേക്ക് കടക്കാന്‍ ശ്രമിച്ചയാള്‍ അത്തരത്തില്‍ എന്തെങ്കിലും പാസ്‌വേര്‍ഡോ മറ്റോ അടിക്കാന്‍ ശ്രമിച്ചിട്ടില്ല. എന്നാല്‍ ഒരുവേള ഡോറിന് പാസ്‌വേര്‍ഡ് ഉണ്ടായിരുന്നില്ലെങ്കില്‍ ഇയാള്‍ കോക്പിറ്റിലേക്ക് കയറാന്‍ സാധ്യതയുണ്ടായിരുന്നു എന്നും ഒരു എയര്‍ ഇന്ത്യ വക്താവ് പറഞ്ഞു.