എയർ ഇന്ത്യ Source: x/ Air India
NATIONAL

ദീർഘദൂര സർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ; നിയന്ത്രണം ഒരു മാസത്തേക്ക്

ജൂൺ 21 നും ജൂലൈ 15 നും ഇടയിലുമായാണ് ഈ തീരുമാനം നടപ്പിലാക്കുകയെന്നും എയർ ഇന്ത്യ അറിയിച്ചു.

Author : ന്യൂസ് ഡെസ്ക്

അഹമ്മദാബാദിൽ ഉണ്ടായ വിമാനാപകടത്തെത്തുടർന്ന് 16 അന്താരാഷ്ട്ര റൂട്ടുകളിലേക്കുള്ള വിമാന സർവീസുകൾ വെട്ടിക്കുറയ്ക്കുമെന്ന് അറിയിച്ച് എയർഇന്ത്യ. 3 നഗരങ്ങളിലേക്കുള്ള പ്രവർത്തനങ്ങൾ നിർത്തിവെയ്ക്കുമെന്നും എയർഇന്ത്യ പുറപ്പെടുവിച്ച പ്രസ്താവനയിൽ പറയുന്നു. ജൂൺ 21 നും ജൂലൈ 15 നും ഇടയിലുമായാണ് ഈ തീരുമാനം നടപ്പിലാക്കുകയെന്നും എയർ ഇന്ത്യ അറിയിച്ചു.

വിമാനാപകടത്തെത്തുടർന്ന് തടസങ്ങൾ നേരിടുന്ന ടാറ്റ ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ള എയർലൈൻ്റെ ഷെഡ്യൂൾ സ്ഥിരത പുനഃസ്ഥാപിക്കുകയും അവസാന നിമിഷത്തിൽ യാത്രക്കാർക്ക് ഉണ്ടാകുന്ന അസൗകര്യങ്ങൾ കുറയ്ക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യമെന്നും എയർ ഇന്ത്യ അറിയിച്ചു.

ഡൽഹി-നൈറോബി, അമൃത്സർ-ലണ്ടൻ (ഗാറ്റ്‌വിക്ക്), ഗോവ (മോപ)-ലണ്ടൻ (ഗാറ്റ്‌വിക്ക്) എന്നീ സർവീസുകൾ ജൂലൈ 15 വരെ നിർത്തിവെയ്ക്കും. കൂടാതെ, വടക്കേ അമേരിക്ക, യൂറോപ്പ്, ഓസ്‌ട്രേലിയ, ഫാർ ഈസ്റ്റ് എന്നിവിടങ്ങളിലെ നഗരങ്ങളെ ബന്ധിപ്പിക്കുന്ന 16 അന്താരാഷ്ട്ര റൂട്ടുകളിലെ വിമാന സർവീസുകളിലും കുറവുണ്ടാകും. ഡൽഹി-ടൊറാൻ്റോ, ഡൽഹി-വാൻകൂവർ, ഡൽഹി-സാൻ ഫ്രാൻസിസ്കോ, ഡൽഹി-ചിക്കാഗോ, ഡൽഹി-വാഷിംഗ്ടൺ എന്നീ വടക്കേ അമേരിക്കയിലെ റൂട്ടുകളിലും സർവീസുകൾ കുറയ്ക്കും.

അധിക പരിശോധനകൾക്ക് ആവശ്യമായ സമയവും ഷെഡ്യൂളുകളിലുണ്ടാകുന്ന ആഘാതവും കണക്കിലെടുത്ത്, ജൂൺ 20 മുതൽ ജൂലൈ പകുതി വരെ ഏകദേശം 15 ശതമാനം അന്താരാഷ്ട്ര വൈഡ്-ബോഡി വിമാന സർവീസുകൾ കുറയ്ക്കാൻ തീരുമാനിച്ചതായി എയർ ഇന്ത്യ സിഇഒയും മാനേജിംങ് ഡയറക്ടറുമായ കാംബെൽ വിൽസൺ അറിയിച്ചു.

ഞങ്ങളുടെ ഷെഡ്യൂളിലെ ഈ താൽക്കാലിക കുറവ് നിങ്ങളുടെ യാത്രാ പദ്ധതികളെ ബാധിക്കുമെന്ന് ഞങ്ങൾ മനസിലാക്കുന്നു. അസൗകര്യമുണ്ടായതിൽ ഞങ്ങൾ ഖേദിക്കുന്നു. നിയന്ത്രണങ്ങൾ മൂലം ബുദ്ധിമുട്ടിലായ യാത്രക്കാരോട് എയർ ഇന്ത്യ ക്ഷമാപണം നടത്തി.

SCROLL FOR NEXT