NATIONAL

സ്വകാര്യ വിമാനം തകർന്നു വീണു; മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ അന്തരിച്ചു

ബാരാമതി വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ്ങിനിടെയാണ് അപകടം

Author : നസീബ ജബീൻ

മുംബൈ: സ്വകാര്യ വിമാനം തകര്‍ന്നു വീണ് എന്‍സിപി നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാർ അന്തരിച്ചു. ബാരാമതി വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ്ങിനിടെയായിരുന്നു അപകടം.

പൈലറ്റ് അടക്കം ആറ് പേരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം പൂര്‍ണമായി കത്തിയമര്‍ന്ന നിലയിലാണ്.

ബാരാമതിയില്‍ നിര്‍ണായ യോഗങ്ങളില്‍ പങ്കെടുക്കാനായി അജിത് പവാറും സംഘവും പുറപ്പെട്ട വിമാനമാണ് തകര്‍ന്നു വീണത്. രാവിലെ 8.45 ഓടെയായിരുന്നു അപകടം.

ലാന്‍ഡിങ്ങിനിടയില്‍ റണ്‍വേയുടെ വശത്തേക്ക് തെന്നിമാറിയാണ് അപകടമുണ്ടായത്. പവാറിനൊപ്പം സുരക്ഷാ ഉദ്യോഗസ്ഥനും അറ്റൻഡറും രണ്ട് പൈലറ്റുമാണ് വിമാനത്തിലുണ്ടായിരുന്നത്.

1982 ല്‍ സഹകരണ പഞ്ചസാര ഫാക്ടറിയുടെ ബോര്‍ഡ് അംഗമായാണ് അജിത് പവാറിന്റെ രാഷ്ട്രീയ പ്രവേശം. വിദ്യാ പ്രതിഷ്ഠാന്‍, പൂനെ ജില്ലാ വികാസ് പ്രതിഷ്ഠാന്‍ എന്നിവയുടെ ട്രസ്റ്റിയായും അദ്ദേഹം സേവനമനുഷ്ഠിച്ചു. പിന്നീട് ഛത്രപതി പഞ്ചസാര ഫാക്ടറിയുടെയും ഛത്രപതി ബസാറിന്റെയും ചെയര്‍മാനായി.

1991 ല്‍ പൂനെ ജില്ലാ സഹകരണ ബാങ്കിന്റെ (പിഡിസി) ചെയര്‍മാനായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. 1992 നവംബര്‍ മുതല്‍ 1993 ഫെബ്രുവരി വരെ, ശരദ് പവാര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് മണ്ണ് സംരക്ഷണം, വൈദ്യുതി, ആസൂത്രണം എന്നീ വകുപ്പുകളുടെ സഹമന്ത്രിയായിരുന്നു.

1992 നവംബര്‍ വരെ അദ്ദേഹം ഈ സ്ഥാനത്ത് സേവനമനുഷ്ഠിച്ചു. പിന്നീട് 1991 ജൂണില്‍ കൃഷി, വൈദ്യുതി സഹമന്ത്രിയായി. വെറും നാല് മാസത്തിനുള്ളില്‍ അദ്ദേഹം ഈ സ്ഥാനത്ത് നിന്ന് രാജിവച്ചു.

1991 ല്‍ പത്താം ലോക്‌സഭയില്‍ പാര്‍ലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു.

1995 ല്‍ ബാരാമതി നിയോജകമണ്ഡലത്തില്‍ നിന്നാണ് അജിത് പവാര്‍ ആദ്യമായി എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടത്. 1999 ല്‍ അതേ മണ്ഡലത്തില്‍ നിന്ന് മഹാരാഷ്ട്ര നിയമസഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

SCROLL FOR NEXT