ഡൽഹി: ഡൽഹിയിൽ നിന്ന് ഹൈദരാബാദിലേക്ക് സർവീസ് നടത്താനിരുന്ന ആകാശ എയറിൻ്റെ നിർത്തിയിട്ടിരുന്ന ക്യുപി 1406 വിമാനത്തിൻ്റെ ചിറകിലേക്ക് മറ്റൊരു വിമാനക്കമ്പനിയായ സ്പൈസ്ജെറ്റിൻ്റെ ബി737-700 എന്ന വിമാനം വന്നിടിച്ചു. കൂട്ടിയിടിയിൽ ആകാശ എയർ വിമാനത്തിൻ്റെ വലതുവശത്തെ ചിറകിനും ഇടതുവശത്തെ തിരശ്ചീന സ്റ്റെബിലൈസറിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
വന്നിടിച്ച സ്പൈസ് ജെറ്റ് വിമാനത്തിൻ്റെ ചിറകിൻ്റെ ഒരു ഭാഗം പൊട്ടിയടർന്ന് ആകാശ എയർ വിമാനത്തിൻ്റെ ചിറകിൽ കുടുങ്ങിക്കിടക്കുകയാണ്. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അപകടത്തിന് പിന്നാലെ വിമാനങ്ങളിലും ഉണ്ടായിരുന്ന എല്ലാ യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തിറക്കി.
ആകാശ എയറിൻ്റെ യാത്രക്കാരെ എത്രയും വേഗം ഹൈദരാബാദിലേക്ക് എത്തിക്കുന്നതിന് വേണ്ട ബദൽ ക്രമീകരണങ്ങൾ ചെയ്യുന്നുണ്ടെന്ന് ആകാശ എയർ വക്താവ് വ്യക്തമാക്കി. അപകടത്തിൽ പെട്ട വിമാനങ്ങളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.