NATIONAL

ബിസ്മില്ലാ ഖാന്റെ വീടിന്റെ ഭാഗം പൊളിച്ചുമാറ്റിയത് വിവാദത്തിൽ; ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി അഖിലേഷ് യാദവ്

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പങ്കുവെച്ച കുറിപ്പിലാണ് അഖിലേഷ് യാദവ് ബിജെപിക്കെതിരെ വിമർശനം ഉന്നയിച്ചത്

Author : ന്യൂസ് ഡെസ്ക്

വാരണാസി: ഷെഹ്‌നായി മാന്ത്രികനും ഭാരതരത്‌ന ജേതാവുമായ ഉസ്താദ് ബിസ്മില്ലാ ഖാന്റെ വാരണാസിയിലെ വീടിന്റെ ഒരു ഭാഗം പൊളിച്ചുമാറ്റിയ സംഭവം രാഷ്ട്രീയ വിവാദത്തിൽ. സംഭവത്തിൽ ബിജെപിയെയും സഖ്യകക്ഷികളെയും രൂക്ഷമായി വിമർശിച്ച് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് രംഗത്തെത്തി. രാജ്യത്തിന്റെ പൊതുപൈതൃകത്തിന് നേരെയുള്ള ആക്രമണമാണ് ഇതെന്ന് വിശേഷിപ്പിച്ച അദ്ദേഹം, ബിസ്മില്ലാ ഖാന്റെ സംഗീത പൈതൃകം സംരക്ഷിക്കുന്നതിനായി തങ്ങളുടെ പാർട്ടി അധികാരത്തിലെത്തിയാൽ പ്രത്യേക മ്യൂസിയം സ്ഥാപിക്കുമെന്നും പ്രഖ്യാപിച്ചു.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പങ്കുവെച്ച കുറിപ്പിലാണ് അഖിലേഷ് യാദവ് ബിജെപിക്കെതിരെ വിമർശനം ഉന്നയിച്ചത്. ഷെഹ്‌നായിയുടെ നാദം ആസ്വദിക്കാൻ ഭാഗ്യം ലഭിക്കാത്തവരിൽ നിന്ന് മറ്റെന്താണ് പ്രതീക്ഷിക്കാനാവുകയെന്ന് പരിഹാസരൂപേണ ചോദിച്ച അദ്ദേഹം, ബിജെപിയും അവരുടെ സങ്കുചിത ചിന്താഗതിക്കാരായ സഖ്യകക്ഷികളും എക്കാലവും കലയ്ക്കും കലാകാരന്മാർക്കും എതിരാണെന്നും ആരോപിച്ചു.സാമൂഹിക മാറ്റത്തിന് അടിത്തറയൊരുക്കുന്നത് സർഗാത്മക മനുഷ്യരാണെന്നും കല സഹാനുഭൂതിയും സഹിഷ്ണുതയും വളർത്തുന്നുവെന്നും അദ്ദേഹം കുറിച്ചു. അതുകൊണ്ടുതന്നെ എല്ലാത്തരം കലകളെയും തങ്ങളുടെ രാഷ്ട്രീയ അജണ്ടയ്ക്ക് തടസ്സമായാണ് ബിജെപി കാണുന്നതെന്നും, അല്ലെങ്കിൽ സ്വന്തം താൽപര്യങ്ങൾക്കായി കലയെ ഉപയോഗപ്പെടുത്തി അതിന്റെ യഥാർഥ സ്വഭാവം നശിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും അഖിലേഷ് ആരോപിച്ചു.

ഭാരതരത്‌ന ലഭിച്ച ഒരു മഹാനായ കലാകാരന്റെ പൊതുപൈതൃകം നശിപ്പിക്കുന്നത് അദ്ദേഹത്തിന്റെ അന്തസ്സിനും അഭിമാനത്തിനും മാത്രമല്ല, ഇന്ത്യയുടെ അഭിമാനത്തിനും കളങ്കം വരുത്തുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെറുപ്പിന്റെ തീയിൽ എരിഞ്ഞുകൊണ്ട് ബിജെപി രാജ്യത്തിന് ദോഷം വരുത്തുകയാണെന്നും അഖിലേഷ് യാദവ് വിമർശിച്ചു.

അതേസമയം, അഖിലേഷ് യാദവിന്റെ ആരോപണങ്ങൾ വാരണാസി മുനിസിപ്പൽ കോർപ്പറേഷൻ (വിഎംസി) നിഷേധിച്ചു. നഗരത്തിലെ പ്രമുഖ വ്യക്തികളെ ആദരിക്കുന്നതിനും അവരുടെ പൈതൃകം സംരക്ഷിക്കുന്നതിനുമായി ആരംഭിച്ച പദ്ധതിയുടെ ഭാഗമായി ബിസ്മില്ലാ ഖാന്റെ വസതിയിൽ മ്യൂസിയം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കുടുംബവുമായി ചർച്ചകൾ നടത്തിയിരുന്നുവെന്ന് കോർപ്പറേഷൻ വ്യക്തമാക്കി.എന്നാൽ കുടുംബം ഈ നിർദേശം അംഗീകരിച്ചില്ലെന്നും തുടർന്ന് കെട്ടിടം പൊളിച്ചുമാറ്റാനുള്ള തീരുമാനം അവർ സ്വയം കൈക്കൊള്ളുകയായിരുന്നുവെന്നും വിഎംസി പബ്ലിക് റിലേഷൻസ് ഓഫീസർ സന്ദീപ് ശ്രീവാസ്തവ പറഞ്ഞു. പദ്ധതിക്ക് മുനിസിപ്പൽ കോർപ്പറേഷന്റെ അനുമതി ലഭിക്കാത്തതിനാൽ മ്യൂസിയം നിർമാണത്തിലോ പൊളിക്കൽ നടപടികളിലോ കോർപ്പറേഷന് പങ്കുണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പൊളിക്കലുമായി ബന്ധപ്പെട്ട് ബിസ്മില്ലാ ഖാന്റെ കുടുംബാംഗങ്ങളും അഖിലേഷ് യാദവിന്റെ ആരോപണങ്ങൾ തള്ളിയിട്ടുണ്ട്. ഏകദേശം 90 വർഷം പഴക്കമുള്ള കെട്ടിടം അങ്ങേയറ്റം ജീർണാവസ്ഥയിലായിരുന്നുവെന്നും കുടുംബത്തിന്റെ പൂർണ സമ്മതത്തോടെയാണ് പൊളിച്ചുമാറ്റിയതെന്നും അദ്ദേഹത്തിന്റെ ചെറുമകൻ മുഹമ്മദ് സിബ്തൈൻ വ്യക്തമാക്കി. രാഷ്ട്രീയ ഇടപെടലുകളൊന്നുമില്ലാതെ കുടുംബത്തിന് ഭരണകൂടത്തിൽ നിന്ന് പൂർണ പിന്തുണ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുനർനിർമിക്കുന്ന കെട്ടിടത്തിന്റെ ഒന്നാം നിലയിൽ ബിസ്മില്ലാ ഖാനുമായി ബന്ധപ്പെട്ട വസ്തുക്കളും ഓർമകളും സംരക്ഷിക്കുന്നതിനായി മ്യൂസിയം സ്ഥാപിക്കുമെന്നും സിബ്തൈൻ അറിയിച്ചു.

കെട്ടിടത്തിന്റെ മോശം അവസ്ഥയെക്കുറിച്ച് വാരണാസി മുനിസിപ്പൽ കോർപ്പറേഷൻ നേരത്തെ നോട്ടീസ് നൽകിയിരുന്നതായി ചൗക്ക് പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ വിജയ് കുമാർ ശുക്ലയും അറിയിച്ചു. കുടുംബാംഗങ്ങൾക്കിടയിൽ കെട്ടിടത്തിന്റെ ചില ഭാഗങ്ങളെച്ചൊല്ലി നിലനിന്നിരുന്ന ആഭ്യന്തര തർക്കം പൊലീസ് സ്റ്റേഷനിൽ വെച്ച് പരിഹരിച്ചിരുന്നുവെന്നും തുടർന്ന് ഉടമയ്ക്ക് പൊളിക്കൽ നടപടികൾ തുടരാൻ അനുമതി നൽകിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

SCROLL FOR NEXT