NATIONAL

നാലാം ദിനവും ബാങ്കുകൾ അടഞ്ഞുകിടക്കും; ബാങ്ക് ജീവനക്കാരുടെ അഖിലേന്ത്യാ പണിമുടക്ക് ഇന്ന്

പ്രവൃത്തിദിനം അഞ്ച് ദിവസമാക്കണം എന്നാവശ്യപ്പെട്ട് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

Author : ശരത്‌ലാൽ ചിറ്റടിമംഗലത്ത്

ഡൽഹി: എല്ലാ ശനിയാഴ്ചയും അവധി വേണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് ജീവനക്കാർ നടത്തുന്ന അഖിലേന്ത്യ പണിമുടക്ക് ഇന്ന്. ഇതോടെ ചൊവ്വാഴ്ച പൊതുമേഖലാ ബാങ്കുകളുടെ പ്രവർത്തനം തടസ്സപ്പെട്ടേക്കും. പ്രവൃത്തിദിനം അഞ്ച് ദിവസമാക്കണം എന്നാവശ്യപ്പെട്ട് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്‌ബിയു) ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ജീവനക്കാരുടെ ഒൻപത് സംഘടനകളുടെ കൂട്ടായ്മയാണ് യുഎഫ്ബിയു. ജനുവരി 23ന് ലേബർ കമ്മീഷണറുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് ഇന്ന് ജനുവരി 27 ചൊവ്വാഴ്ച പണിമുടക്ക് പ്രഖ്യാപിച്ചത്. വിശദമായ ചർച്ച നടന്നെങ്കിലും തങ്ങളുയർത്തിയ ആവശ്യത്തെക്കുറിച്ച് ഉറപ്പ് ലഭിച്ചില്ലെന്ന് അധികൃതർ അറിയിച്ചു. അതുകൊണ്ടാണ് സമരമെന്നും അവർ വ്യക്തമാക്കി. തങ്ങളുടെ യഥാർഥ ആവശ്യത്തോട് സർക്കാർ പ്രതികരിക്കാത്തത് നിർഭാഗ്യകരമാണെന്നും അധികൃതർ അറിയിച്ചു.

നിലവിൽ രാജ്യത്ത് രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ച ബാങ്ക് ജീവനക്കാർക്ക് അവധിയാണ്. ഇത് എല്ലാ ശനിയാഴ്ചയും ആക്കണമെന്നാണ് സംഘടനകളുടെ ആവശ്യം. ഇതിനായി ദിവസവും 40 മിനിറ്റ് അധികം ജോലി ചെയ്യാമെന്നും സംഘടനകൾ അറിയിച്ചിരുന്നു. ഇതിൽ തീരുമാനം ആകാതെ വന്നതോടെയാണ് സമരം പ്രഖ്യാപിച്ചത്.

തുടർച്ചയായ നാലാം ദിനമാണ് ബാങ്ക് അടഞ്ഞ് കിടക്കുന്നത്. ജനുവരി 24ന് നാലാം ശനിയും 25ന് ഞായറാഴ്ചയും 26ന് റിപ്പബ്ലിക് ദിനവും കാരണം അവധിയായിരുന്നു. ഇന്നത്തെ പണിമുടക്കും ചേർത്ത് നാല് ദിവസം ബാങ്കുകൾ അടഞ്ഞു കിടക്കും.

SCROLL FOR NEXT